പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; കൊന്നത് 11 മുട്ടക്കോഴികളെ
പെരുമ്പാവൂര്‍: കൊച്ചി പെരുമ്പാവൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ് ശല്യം ദിനംപ്രതി രൂക്ഷമാകുന്നതായി വ്യാപക പരാതി.
രാത്രി സമയങ്ങളില്‍ മാത്രമല്ല, പകല്‍ സമയങ്ങളിലും നായ്ക്കളുടെ കൂട്ടം വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി മാറുകയാണ്.
വീടുകളിലേക്ക് കയറി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ നഗരസഭയുടെ 11ാം വാര്‍ഡിലെ കാരാട്ടുപള്ളിക്കര പറമ്പത്ത് വീട്ടില്‍ സരോജിനിയമ്മയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന 11 മുട്ടക്കോഴികളെയാണ് ഒറ്റ രാത്രികൊണ്ട് തെരുവുനായ് കൊന്ന് തള്ളിയത്.
ഈ സംഭവത്തെ തുടര്‍ന്ന് സരോജിനിയമ്മ നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു ഫലപ്രദമായ നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.
ഇതിന് പുറമെ പാടങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന ആടുകളെയും പശുക്കളെയും നായ്ക്കൂട്ടങ്ങള്‍ ആക്രമിക്കുന്ന സംഭവങ്ങളും പതിവാകുകയാണ്.
വീടിന് പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.
നിരവധി പേര്‍ ഇതിനകം തന്നെ പരാതികളുമായി നഗരസഭയെയും ബന്ധപ്പെട്ട അധികൃതരെയും സമീപിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായിട്ടില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.
പെരുമ്പാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കള്‍ സ്ഥിരമായി തമ്പടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
പെരുമ്പാവൂരിൽ തെരുവുനായ് ശല്യം രൂക്ഷം; കൊന്നത് 11 മുട്ടക്കോഴികളെ
നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഔഷധി ജങ്ഷന്‍, പച്ചക്കറി മാര്‍ക്കറ്റ്, ഒന്നാംമൈല്‍, കാരാട്ടുപള്ളിക്കര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി സഞ്ചരിക്കുന്നത് വഴിയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ്.
പ്രത്യേകിച്ച് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളോടു നായ്ക്കള്‍ കുരച്ചുചാടുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
ഇതു കുട്ടികളില്‍ വലിയ ഭീതിയുണ്ടാക്കുന്നുണ്ടെന്നും യാത്ര സുരക്ഷിതമല്ലാതാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ പ്രധാന റോഡുകളിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും നായ്ക്കള്‍ കൂട്ടത്തോടെ കിടക്കുന്നതു ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ചില ഭിക്ഷക്കാരും ആക്രി ശേഖരിച്ച് ജീവിക്കുന്നവരുമാണ് നായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനു സമീപവും സുഭാഷ് മൈതാനത്തിന്റെ പരിസരത്തും തമ്പടിക്കുന്ന നായ്ക്കള്‍ക്ക് ഇത്തരക്കാരാണ് ഭക്ഷണം നല്‍കുന്നതെന്നും പറയുന്നു.
തെരുവുനായ് പ്രശ്നം നിയന്ത്രിക്കുന്നതിന് അടിയന്തരവും ശാസ്ത്രീയവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭയോടും ബന്ധപ്പെട്ട വകുപ്പുകളോടും നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുകയാണ്.
വന്ധ്യംകരണ പദ്ധതി, പുനരധിവാസം, നിരീക്ഷണം എന്നിവ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നത്.









