തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രി പറഞ്ഞു. കലോത്സവത്തിലെ മത്സരങ്ങൾ ജനാധിപത്യപരമായി എടുക്കണമെന്നും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.(State school kalolsavam; Minister V Sivankutty instructions)
കലോത്സവത്തിന്റെ അന്തസും ചന്തവും നശിപ്പിക്കുന്നതിന് വേണ്ടി പ്രതിഷേധം തുടങ്ങിയ കാര്യങ്ങൾ നടത്താൻ അനുവദിക്കില്ല, കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കും. ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു.
കുട്ടികളെ കൊണ്ടുവരുന്ന അധ്യാപകർക്ക് ഉത്തരവാദിത്വം ഉണ്ട്. സ്കൂൾ ഒളിമ്പിക്സിൽ ഉണ്ടായ സംഭവങ്ങൾ കലോത്സവവേദിയിൽ ആവർത്തിക്കരുത്. മികച്ച ജഡ്ജിംഗ് പാനൽ ആണ് ഉണ്ടാവുക എന്നും മന്ത്രി മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.