കൊച്ചി: സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകൾ നീപ്ലേയ്, എംഎച്ച്ഡിടിവേൾഡ് എന്നീ വെബ്സൈറ്റ്കളിലൂടെ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സംഘമാണ് ഈ വെബ്സൈറ്റുകളുടെ അഡ്മിൻമാരായ യുവാക്കളെ പിടികൂടിയത്.
നീപ്ലേയ് വെബ്സൈറ്റ് അഡ്മിനായ ഷിബിൻ (38) എന്ന യുവാവിനെ മലപ്പുറം ആനക്കയത്തു നിന്നും, എംഎച്ച്ഡിടി വേൾഡ് വെബ്സൈറ്റ് അഡ്മിൻ മുഹമ്മദ് ഷെഫിൻസ് (32) നെ പെരുമ്പാവൂർ അറക്കപ്പടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് വെബ്‌സൈറ്റുകൾ വഴി ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസ വരുമാനമായി ലഭിച്ചിരുന്നത്. അതേസമയം സ്റ്റാർ ഇന്ത്യ ഗ്രൂപ്പിന്റെ കാഴ്ച്ചക്കാർ കുറയാൻ തുടങ്ങിയതോടെ കോടി കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി ഡി സി പിയുടെ നേത്രത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ് പി ആർ, SI ബാബു എൻ ആർ, എഎസ്ഐ ശ്യാം, എഎസ്ഐ ഗിരീഷ്, എസ്സിപിഒ അജിത് രാജ്, നിഖിൽ ജോർജ്, അജിത് ബാലചന്ദ്രൻ, സിപിഒ ബിന്തോഷ്, സിപിഒ ഷറഫ്, സിപിഒ ആൽഫിറ്റ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.