കൊളംബോ: ഏകദിന ലോകകപ്പിൽ കരുത്തരായ ഇന്ത്യക്കെതിരെ ദയനീയ തോൽവിയാണ് ശ്രീലങ്ക ഏറ്റു വാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് അടിച്ചു കൂട്ടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ പടയുടെ മത്സരം 55 റൺസിൽ അവസാനിച്ചിരുന്നു. 302 റൺസിന്റെ കനത്ത തോൽവിയെ തുടർന്ന് ശ്രീലങ്കൻ ടീം കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇപ്പോഴിതാ ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ.
ഇന്ത്യയോടുള്ള തോൽവിയെ തുടർന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കാണ് ശ്രീലങ്കൻ കായികമന്ത്രി റോഷൻ രണസിംഗെ ചുമതല നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ ലങ്കൻ സർക്കാര്‍ ക്രിക്കറ്റ് ബോർഡിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സിൽവ കഴിഞ്ഞ ദിവസം രാജിവെക്കുകയും ചെയ്തു.
എന്നാൽ മോഹന്റെ രാജിക്കു പിന്നിലെ കാരണം എന്തെന്ന് ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നില്ല. നിലവിൽ ഏകദിന ലോകകപ്പിൽ സെമിയിലെത്താതെ പുറത്തു പോകേണ്ടി വരുമെന്ന സ്ഥിതിയിലാണ് ശ്രീലങ്ക. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോള്‍ രണ്ടെണ്ണത്തിൽ മാത്രമാണ് ലങ്കൻ പടയ്ക്ക് വിജയിക്കാനായത്. നാലു പോയിന്റുമായി പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ശ്രീലങ്ക. ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള മത്സരം ശ്രീലങ്കയ്ക്ക് നിർണായകമാണ്.