പശ്ചിമേഷ്യയിലും ഉക്രൈനിലും സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ അതിന് ഏറെ വില കൊടുക്കേണ്ടി വരുന്നത് യൂറോപ്പാണ്. ഉക്രൈൻ – റഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ചുകയറിയ എണ്ണവില യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറെ പ്രത്യാഘാതമുണ്ടാക്കി. യൂറോപ്പിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറി. മഞ്ഞുകാലം തള്ളിനീക്കാൻ ഗ്യാസിനും അമിതവില നൽകേണ്ടിവന്നു. യുക്രൈൻ യുദ്ധത്തിന് വില നൽകേണ്ടി വന്നത് പടിഞ്ഞാറൻ രാജ്യങ്ങളിലെ സാധാരണക്കാരാണ്. യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും ഉപരോധത്തിൽ വലഞ്ഞ റഷ്യയുടെ എണ്ണ മോഹവിലയ്ക്ക് കിട്ടിയതിനാൽ ഇന്ത്യയെയും ചൈനയെയും പ്രതിസന്ധി തീരെ ബാധിച്ചില്ല. പിന്നീട് എണ്ണവിലയുടെ കുതിപ്പ് മന്ദഗതിയിലായി.
എന്നാൽ ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ ഗസയിൽ നടത്തുന്ന ആക്രമണവും തുടർന്നുണ്ടായ ചെങ്കടലിലെ ഹൂത്തി വിമതരുടെ ചരക്കുകപ്പൽ ആക്രമണവും വീണ്ടും എണ്ണ വില കുതിയ്ക്കാൻ കാരണമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണയും അനുബന്ധ ഉത്പന്നങ്ങളും കടന്നു പോകുന്ന ചെങ്കടലിലെ ചരക്കുഗതാഗതം അനിശ്ചിതത്വത്തിലാക്കാൻ ഹൂത്തികൾക്ക് കഴിഞ്ഞു. ചെങ്കടലിന് പുറത്ത് ഏദൻ കടലിടുക്കിൽ ബ്രിട്ടീഷ് ഓയിൽ ടാങ്കർ ആക്രമിക്കപ്പെട്ടതോടെ ഇതുവഴിയുള്ള കപ്പലുകൾക്ക് ഇൻഷ്വറൻസ് നൽകിലെന്ന് ഇൻഷ്വറൻസ് കമ്പനികളും വ്യക്തമാക്കിക്കഴിഞ്ഞു. ഇത് യൂറോപ്പിന്റെ എണ്ണവിപണിയിൽ വലിയ പ്രതിഭലനമുണ്ടാക്കും. എണ്ണവിലയും എണ്ണ ഉത്പന്നങ്ങളുടെയും വില ഉയരുന്നത് പണപ്പെരുപ്പത്തിനും കൂടുതൽ വിലക്കയറ്റത്തിനും കാരണമാകും. നിലവിലുള്ള ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്താൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ഉക്രൈൻ-റഷ്യ യുദ്ധസമയത്തെ എണ്ണ പ്രതിസന്ധി മറികടക്കാൻ സൗദിയോട് ഉത്പാദനം വർധിപ്പിയ്ക്കാൻ യു.എസ്.ആവശ്യപ്പെട്ടിരുന്നു. എന്നാൽ യു.എസ്.നിർദേശം അന്ന് സൗദി തള്ളിയത് തിരിച്ചടിയായി. എണ്ണവില ഉയർന്നാൽ യൂറോപ്പിന് പിന്നാലെ വടക്കേ ആഫ്രിക്കൻ രാജ്യങ്ങളുടെ അവസ്ഥയും പരിതാപകരമാകും. ഉക്രൈനിൽ റഷ്യ ഗോതമ്പ് കയറ്റുമതി തടഞ്ഞതോടെ ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങൾ പട്ടിണിയിലേയ്ക്ക് നീങ്ങിയിരുന്നു. എണ്ണവില ഉയരുന്നതോടെ പണപ്പെരുപ്പത്തിൽ വലയുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ താറുമാറാകും. ചെങ്കടലിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ആക്രമണങ്ങൾ ശക്തിപ്പെടുത്താനും കരയുദ്ധത്തിന് തയാറെടുക്കുന്നതായും സൂചനയുണ്ട്. യു.എസ്, യു.കെ. നയതന്ത്ര പ്രതിനിധികളെ രാജ്യത്തു നിന്നും പുറത്താക്കിയത് യുദ്ധത്തിന് മുന്നോടിയാണെന്നും കരുതുന്നു. ഇറാൻ നിർമിത ആധുനിക ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും കൈവശമുള്ള ഹൂത്തികൾ കരയുദ്ധം കൂടി തുടങ്ങിയാൽ ആഗോള സമ്പദ് വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകും.