ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ഏറ്റവും പുതിയ ആശയവിനിമ കൃത്രിമോപഗ്രഹം ‘ജി സാറ്റ്-എൻടു’ ഇലോൺ മസ്കിന്റെ ‘സ്പേസ് എക്സ്’ യു.എസിലെ കേപ് കനാവറലിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ എൻ.എസ്.ഐ.എൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മെച്ചപ്പെടുത്താനും വിമാനത്തിനുള്ളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനും മറ്റും പുതിയ ഉപഗ്രഹം ഉപകരിക്കും.
ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ ഭാരപരിധി മറികടന്നതിനാലാണ് വിദേശകമ്പനിയായ സ്പേസ് എക്സിനെ വിക്ഷേപണത്തിന് ആശ്രയിച്ചത്. ഇക്കാര്യം ഐ.എസ്.ആർ.ഒ അധ്യക്ഷൻ കെ. ശിവനും സ്ഥിരീകരിച്ചിട്ടുണ്ട്. 4,700 കിലോയാണ് ജി സാറ്റ് -എൻ ടുവിന്റെ ആകെ ഭാരം.
ഐ.എസ്.ആർ.ഒയുടെ ഏറ്റവും ശക്തിയുള്ള വിക്ഷേപണവാഹനമായ എൽ.വി.എം-മൂന്നിന് ഉയർത്താൻകഴിയുന്ന പരമാവധി ഭാരം 4000-4100 കിലോ മാത്രമാണ്.
ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഐ.എസ്.ആർ.ഒ ആശ്രയിച്ചിരുന്ന ഫ്രഞ്ച് കമ്പനി ഏരിയൻ സ്പേസിന്റെ പക്കലിപ്പോൾ പ്രവർത്തനക്ഷമമായ റോക്കറ്റുകൾ ഇല്ല. യുക്രെയിൻ യുദ്ധം നടക്കുന്നതിനാൽ റഷ്യൻ റോക്കറ്റുകളുടെ ഉപയോഗവും പ്രായോഗികമല്ല. ഇതുകൊണ്ടാണ് സ്പേസ് എക്സിലേക്ക് അന്വേഷണമെത്തിയത്.