ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പ്രോട്ടീസിനെതിരായ ഒരു ടെസ്റ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേട് മാറ്റാനായി ഇറങ്ങിയ രോഹിത്തിനും സംഘത്തിനും നിരാശയായിരുന്നു ഫലം. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയത്തിന് വഴങ്ങിയത്. നായകൻ രോഹിത് ശർമ്മ ഒരു റൺ പോലും നേടാതെ പുറത്തായപ്പോൾ മറ്റു എട്ടുപേരും നേടിയ റണ്ണുകളുടെ എണ്ണം ഒരക്കം മാത്രം.
ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചതെങ്കിൽ രണ്ടാം ഇന്നിങ്സിൽ എടുത്തുപറയാനായിട്ടുള്ളത് വിരാട് കോലിയുടെ സ്കോർ മാത്രമാണ്. 82 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത കോലി തോൽവിയുടെ നാണക്കേടിലും റെക്കോർഡിട്ടു. വ്യത്യസ്ത കലണ്ടര്‍ വര്‍ഷങ്ങളില്‍ 2000ത്തിലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോലി തന്റെ പേരിനോട് ചേർത്ത് വെച്ചത്. 2012ലാണ് കോലി ആദ്യമായി 2000ലധികം റണ്‍സ് നേടുന്നത്. 2014, 2015, 2016, 2017, 2019 വര്‍ഷങ്ങളിലും ഈ നേട്ടം ആവര്‍ത്തിച്ചു. 2023ലും 2000 റണ്‍സിലധികം സ്‌കോര്‍ ചെയ്തതോടെയാണ് താരം റെക്കോർഡ് ഇട്ടത്. ശ്രീലങ്കന്‍ മുന്‍ ഇതിഹാസതാരം കുമാര്‍ സങ്കക്കാരയെ മറികടക്കാനും കോലിയ്ക്ക് കഴിഞ്ഞു.
ഇത് മാത്രമല്ല, ടെസ്റ്റിലെ തോൽവിയോടെ ഡബ്ല്യുടിസിയുടെ മൂന്നാം സീസണിലെ (2023-25) പോയിന്റ് പട്ടികയിലും തിരിച്ചടി നേരിട്ടിരിക്കുകയാണ്. തകർപ്പൻ ജയം നേടിയ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിലെ പുതിയ ഒന്നാം സ്ഥാനക്കാരായപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഡബ്ല്യുടിസിയുടെ കഴിഞ്ഞ രണ്ടു എഡിഷനുകളിലും റണ്ണറപ്പായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വീഴ്ച ഏൽപ്പിച്ചിരിക്കുന്ന ആഘാതം ചെറുതൊന്നുമല്ല.
അടുത്ത ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ്. പരമ്പര നേടാനായി ജയമല്ലാതെ ഇന്ത്യക്കു മറ്റു മാർഗങ്ങളില്ല. എന്നാല്‍ ഈ ടെസ്റ്റ് സമനിലയായാലും ദക്ഷിണാഫ്രിക്കയ്ക്ക് 1-0നു പരമ്പര നേടാം. അതുകൊണ്ട് തന്നെ വ്യക്തമായ മാറ്റങ്ങൾ താരങ്ങളിലടക്കം വരുത്തിയാൽ മാത്രമേ ഇന്ത്യക്ക് വിജയം നേടാനാകൂ. ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.