സൗബിൻ ഷാഹിറിന് യാത്രാ വിലക്ക്
കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന് മജിസ്‌ട്രേറ്റ് കോടതി വിദേശയാത്രാനുമതി നിഷേധിച്ചു. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് കോടതിയുടെ നടപടി.
ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് സൗബിൻ കോടതിയുടെ അനുമതി തേടിയത്. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിന്റെ ഭാഗമായാണ് സൗബിൻ വിദേശയാത്ര ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കേർപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് സൗബിനുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്‌തിരുന്നു.
കേസിൽ ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവരാണ് മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
എന്നാൽ, സിറാജ് സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷെഡ്യൂളുകൾ മുടങ്ങി ഷൂട്ടിംഗ് നീണ്ടുപോവുകയും ചെയ്‌തെന്നാണ് നിർമാതാക്കളുടെ വാദം.
ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ
ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ പിടികൂടി പോലീസ്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നാല് പേർ പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ ബംഗളൂരുവിലേക്ക് ഒളിവിൽ പോകുകയായിരുന്നു.
പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
അതിനിടെ ഷാജൻ സ്കറിയെയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നുമുണ്ട്.
ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു.
Summary: Actor and producer Soubin Shahir has been denied permission by the Magistrate Court to travel abroad. The decision comes as part of the bail conditions in connection with an ongoing financial fraud case.









