കൊച്ചി: കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ-റോയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നഗരസഭയ്ക്ക് വേണ്ടി നിർമ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാർ കൊച്ചി കപ്പൽശാലയുമായി ഒപ്പു വച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെ ഉദ്യോഗസ്ഥൻമാരുടെ പൂർണ്ണ പങ്കാളിത്തത്തിലാണ് കരാർ ഒപ്പ് വെച്ചത്.
14.9 കോടി രൂപയാണ് ജി.എസ്.ടി ഉൾപ്പെടെ, റോ-റോ നിർമ്മാണത്തിനായി നഗരസഭ നൽകേണ്ടത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡാണ് ഇതിനുളള സാമ്പത്തിക സഹായം നൽകുന്നത്. .
18 മാസമാണ് നിർമ്മാണ കാലാവധിയെങ്കിലും, ആറുമാസം മുൻപ് ഈ പ്രവർത്തനം പൂർത്തീകരിക്കണമെന്ന നഗരസഭ മേയറുടെ അഭ്യർത്ഥന കപ്പൽശാല ചെയർമാൻ അംഗീകരിച്ചു. കഴിവതും വേഗം നിർമ്മാണം പൂർത്തികരിക്കണമെന്ന നിർദ്ദേശം അദ്ദേഹം നിർമ്മാണ ടീമിന് നൽകി. നിലവിലുളള റോ-റോയ്ക്കുളള ശബ്ദത്തെ സംബന്ധിച്ച് ഫോർട്ടുകൊച്ചിയിലെ ടൂറിസം മേഖലയിൽ ഉളളവർ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ശബ്ദം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ കൂടി ഡിസൈൻ വിഭാഗത്തിൻറെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കപ്പൽശാല ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്നാമത്തെ റോ-റോ വരുന്നതോടെ, ഏതെങ്കിലും ഘട്ടത്തിൽ സാങ്കേതിക തകരാറുണ്ടായാൽ രണ്ട് റോ-റോയ്ക്ക് യാതൊരു മുടക്കവും ഇല്ലാതെ സർവ്വീസ് നടത്തുവാൻ കഴിയും.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ, കപ്പൽശാലയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ, സാങ്കേതിക വിഭാഗം ഡയറക്ടർ ബിജോയ് ഭാസ്കർ, ധനകാര്യ വിഭാഗം ഡയറക്ടർജോസ്, നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയർ അമ്പിളി, കപ്പൽശാലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
കൊച്ചി നഗരസഭയ്ക്ക് വേണ്ടി, അഡീഷണൽ സെക്രട്ടറി ഷിബുവാണ് ധാരണാപത്രത്തിൽ ഒപ്പ് വച്ചത്. കപ്പൽശാലയ്ക്ക് വേണ്ടി ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്ശ്രീജിത്ത് കെ നാരായണനും ഒപ്പ് വച്ചു.