ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന് സിദ്ധരാമയ്യക്ക് ആശ്വാസ വിധി. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ലോകായുക്ത അന്വേഷിക്കുന്ന കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം ജസ്റ്റിസ് എം. നാഗപ്രസന്നയാണ് തള്ളിയത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയുടെ പേരിലുണ്ടായിരുന്ന മൈസൂരു നഗരപ്രാന്തത്തിലെ 3.36 ഏക്കർ ഭൂമിക്ക് പകരം മൈസൂരു നഗരവികസന അതോറിറ്റി ഉയർന്ന വിലയുള്ള 14 പ്ലോട്ടുകൾ നൽകിയെന്നതാണ് കേസ്. കുറ്റാരോപിതൻ മുഖ്യമന്ത്രിയാണെന്നും ലോകായുക്ത സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലായതിനാൽ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരനായ കൃഷ്ണ കോടതിയെ സമീപിച്ചത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും എ.എം. സിങ്വിയുമാണ് സർക്കാറിനും മുഖ്യമന്ത്രിക്കുമായി കോടതിയിൽ ഹാജരായത്. കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതുള്ളൂവെന്ന് അഭിഭാഷകർ വാദിച്ചിരുന്നു.
അഴിമതി കേസിൽ ലോകായുക്ത അന്വേഷണ റിപ്പോർട്ടിൻറെ സംഗ്രഹം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യ, ഭാര്യ പാർവതി എന്നിവരടക്കം പ്രതിയായ കേസിൽ, അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പു പ്രകാരം 25ലേറെ പേരുടെ മൊഴികളടക്കമാണ് റിപ്പോർട്ട്. ഹൈക്കോടതിയിലെ ധാർവാഡ് ബെഞ്ചിന് മുമ്പാകെ മൈസൂരു ലോകായുക്ത ഡിവൈ.എസ്.പി മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ഓഡിയോ, വിഡിയോ, ഔദ്യോഗിക രേഖകൾ അടക്കമുള്ളവയാണ് റിപ്പോർട്ടിൻറെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന വിവരം. സമഗ്ര റിപ്പോർട്ട് വൈകാതെ സമർപ്പിച്ചേക്കും. കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ബി.എം. പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും നോട്ടീസ് നൽകിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടി കർണാടക ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. ഇരുവരുടെയും ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ബൈരതി സുരേഷിനോട് തിങ്കളാഴ്ചയും ബി.എം. പാർവതിയോട് ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയോട് ഇത് രണ്ടാം തവണയാണ് ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്. പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.