മുംബൈ: ഏറെ പ്രതീക്ഷകളോടെ ലോകകപ്പ് കിരീടത്തിനൊരുങ്ങിയ ഇന്ത്യൻ ടീമിന് വീണ്ടും നിരാശ. ടീമിലെ മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യാവസ്ഥ കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗില്ലിനെ ഇന്നു രാവിലെ ചെന്നൈയിലെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാൽ നടത്തിയ പരിശോധനയില്‍ ഗില്ലിന്റെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് നന്നായി കുറഞ്ഞതായി കണ്ടെത്തി.
രോഗം ഭേദമാവാത്തതിൽ താരത്തിന് പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. മോശം ആരോഗ്യത്തെ തുടര്‍ന്ന് നാളെ ഡല്‍ഹിയില്‍ നടക്കുന്ന അഫ്ഗാനെതിരായ മത്സരം കൂടാതെ 14ന് അഹമ്മദാബാദില്‍ നടക്കുന്ന നിര്‍ണായകമായ ഇന്ത്യ-പാകിസ്താന്‍ മത്സരവും ഗില്ലിന് നഷ്ടമാകുമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ഋതുരാജ് ഗെയ്ക്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരില്‍ ഒരാളെ ലോകകപ്പ് ടീമിലേക്ക് വിളിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ.
മികച്ച ഫോമിലുള്ള ഗില്ലിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ ടീമില്‍ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്ററാണ് ഗില്‍. ഏകദിനത്തില്‍ 35 മത്സരങ്ങളില്‍ നിന്ന് 66.1 ശരാശരിയില്‍ 1917 റണ്‍സാണ് താരം നേടിയത്. ആറ് സെഞ്ചുറിയും ഒന്‍പത് അര്‍ദ്ധ സെഞ്ചുറിയുമാണ് ഇതുവരെ താരം നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയും ഗില്ലിന്റെ മികച്ച പ്രകടനത്തിൽപ്പെടുന്നു. ലോകകപ്പിലെ ആദ്യമത്സരത്തിനു മുന്‍പാണ് ഗില്ലിന് ഡെങ്കിപനി സ്ഥീകരിച്ചത്. ഗില്ലിന്റെ അഭാവത്തിൽ ഇഷാന്‍ കിഷനാണ് രോഹിതിനൊപ്പം ഓപ്പണർ ആയി ഇറങ്ങുന്നത്.
Read Also: ചേർത്ത് വെക്കാൻ മറ്റൊരു റെക്കോർഡ് കൂടി; ‘കിംഗ് കോലി’ ഇന്ത്യൻ രക്ഷകൻ