പാലക്കാട്: ലോകത്തിന്റെ നെറുകയിലെത്തണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ ശ്രീഷ രവീന്ദ്രൻ.
ഉയരങ്ങളോട് അടങ്ങാത്ത അഭിനിവേശമുള്ള ശ്രീഷ കൊടുംതണുപ്പിൽ (മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ) പ്രതിസന്ധികളെ അതിജീവിച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കി. വിജയകരമായി തന്റെ ചരിത്രദൗത്യം നിർവഹിച്ച സന്തോഷത്തിലാണ് ഈ പെൺകുട്ടി.
ഓരോവർഷവും രാജ്യത്തെ മലകളും ചുരങ്ങളും കയറി ശീലിച്ച ശ്രീഷയുടെ ജീവിതാഭിലാക്ഷമായിരുന്നു എവറസ്റ്റ് കീഴടക്കുകയെന്നത്. ശ്രീഷ ഏപ്രിൽ തുടക്കത്തിലാണ് ഇതിനു വേണ്ടി പുറപ്പെട്ടത്. എവറസ്റ്റിൽ 5,300-ലേറെ മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിലേക്കാണ് ഇതിനായി ആദ്യം പോയത്.
6,900 മീറ്റർ ഉയരമുള്ള ലോബുചെ പർവതം കീഴടക്കുകയായിരുന്നു ആദ്യ കടമ്പ. ഇത് ഏപ്രിൽ 25-ന് പൂർത്തിയാക്കി. തിരിച്ച് ബേസ് ക്യാമ്പിലെത്തി വിശ്രമിച്ചു. പിന്നീട് ഇവിടെനിന്ന് മേയ് 15-ന് എവറസ്റ്റ് കയറ്റം തുടങ്ങി.
പിറ്റേന്ന് 6,400 മീറ്റർ ഉയരമുള്ള ക്യാമ്പ്-രണ്ടിലെത്തി. ഇവിടെ ഒരുദിവസത്തെ വിശ്രമത്തിനു ശേഷം 18-ന് 7,100 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലേക്ക്. അഞ്ചരമണിക്കൂർ കൊണ്ട് ക്യാമ്പ്-മൂന്നിൽ എത്തി പിന്നീട് 19-ന് പുലർച്ചെ മൂന്നിന് 7,920 മീറ്റർ ഉയരമുള്ള ക്യാമ്പ്-4 ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഒൻപതരമണിക്കൂർ എടുത്തായിരുന്നു ഈ യാത്ര.
പിന്നീട് എവറസ്റ്റിന്റെ ഉന്നതിയിലേക്കു നടന്നുനീങ്ങി. മണിക്കൂറിൽ 75-80 കിലോമീറ്റർവരെ വേഗത്തിൽ വീശുന്ന കടുത്ത ഹിമക്കാറ്റിനെ നേരിട്ട് 11 മണിക്കൂർ നീണ്ട യാത്ര.
ഒടുവിൽ മേയ് 20-ന് രാവിലെ 10.30-ന് മറ്റൊരു മലയാളിവനിതയുടെ പാദംകൂടി എവറസ്റ്റിന്റെ മുകളിൽ പതിഞ്ഞു. നേപ്പാളിയായ ഷേർപ്പ ചക്രറായിയാണ് പർവതാരോഹണത്തിന് തനിക്ക് കൂട്ടായിനിന്നതെന്ന് ശ്രീഷ മാധ്യമങ്ങളോട് പറഞ്ഞു.
പർവതാരോഹണത്തിനിടെ കൈയുറമാറ്റാൻ ശ്രമിക്കുമ്പോൾ കടുത്ത ഹിമക്കാറ്റിൽപ്പെട്ട് കൈയിൽ മുറിവുണ്ടായതായും വലതുകണ്ണിന്റെ കാഴ്ച മങ്ങിയതായും ശ്രീഷ പറഞ്ഞു. തിരിച്ചുവരില്ലെന്നുതോന്നിയ നിമിഷങ്ങളായിരുന്നു അതെന്ന് ശ്രീഷ പറഞ്ഞു.
തിരിച്ച് ബേസ് ക്യാമ്പിലെത്തിയ ശ്രീഷ ഹെലിക്കോപ്റ്ററിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി. അവിടെ രണ്ടുദിവസം ഐസിയുവിലായിരുന്ന ശ്രീഷ, കഴിഞ്ഞദിവസമാണ് ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.
ബെംഗളൂരുവിൽ ടാക്‌സ് മാനേജരാണ് ശ്രീഷ. രണ്ടുപതിറ്റാണ്ടുമുൻപ് അച്ഛൻ സി. രവീന്ദ്രനൊപ്പം മലകയറ്റം തുടങ്ങിയ പെൺകുട്ടിയുടെ വിജയകരമായ മറ്റൊരു ദൗത്യമായിരുന്നു ഇത്.
ആദ്യശ്രമത്തിൽത്തന്നെ എവറസ്റ്റ് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ അതിരറ്റ സന്തോഷത്തിലാണ് ശ്രീഷ.