മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ഷെരീഫുൾ ഇസ്ലാമിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മോഷ്ടിക്കാൻ ശ്രമിച്ചെന്നും നടനെയും വീട്ടുജോലിക്കാരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നുമാണ് ഷെരീഫുൾ ഇസ്ലാമിനെതിരെയുള്ള കേസ്. ജനുവരി 15ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച ബംഗ്ലാദേശി പൗരനാണ് അക്രമിയെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അക്രമിയെ മറ്റൊരാൾ കൂടി സഹായിച്ചിട്ടുണ്ടെന്നും ഇയാൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു. 14 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ 5 ദിവസം അനുവദിക്കുകയായിരുന്നു കോടതി.
54-കാരനായ സെയ്ഫ് അലി ഖാനെ ആറ് തവണയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. നട്ടെല്ലിലും കഴുത്തിലും സെയ്ഫിന് കുത്തേറ്റിരുന്നു. ആഴത്തിൽ മുറിവേറ്റ നടനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ ചികിത്സ ഉറപ്പാക്കാൻ സാധിച്ചു. രണ്ട് ശസ്ത്രക്രിയകളാണ് ചെയ്യേണ്ടി വന്നത്.
സെയ്ഫും ഭാര്യ കരീനയും മക്കളും മുംബൈ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റിലാണ് താമസം. ഇവിടേക്ക് രാത്രി അതിക്രമിച്ച് കയറിയ അക്രമി മോഷണത്തിന് ശ്രമം നടത്തുകയായിരുന്നു. ഇതുതടഞ്ഞ സെയ്ഫിനെയും വീട്ടുജോലിക്കാരെയും ആക്രമിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. ദിവസങ്ങൾ നീണ്ട തെരച്ചിലിന് ഒടുവിൽ താനെയിൽ നിന്നാണ് അക്രമിയെ പിടികൂടിയത്.