തിരുവനന്തപുരം : കരുനാഗപ്പള്ളിയിലെ വസതിയിൽ നിന്നും ഇന്നലെ അർദ്ധരാത്രിയോടെ ഡോ.ഇ.എ.റുവൈസിനെ പോലീസ് കസ്റ്റഡയിലെടുത്തു. വസതിയിലെ ഡോകടറുടെ മുറിയിൽ പ്രാഥമിക പരിശോധന നടത്തിയ പോലീസ് സംഘം ഇയാളുടെ ഫോൺ പിടിച്ചെടുത്തു. ഫോണിലെ നിർണായകമായ മെസേജുകൾ ഡീലീറ്റ് ചെയ്ത നിലയിലാണ്. ഡോക്ടർ ഷാഹിനയുമായി നടത്തിയ ചാറ്റ് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് വരുത്തി തീർക്കാൻ തെളിവുകൾ നശിപ്പിക്കാനാണ് റുവൈസ് ശ്രമിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. കേസിൽ ഏറ്റവും നിർണായകമാണ് ഇരുവരും തമ്മിലുള്ള ചാറ്റിങ്ങ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഡോക്ടർ ഷാഹിന ആരെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പല്ല എഴുതിയത്. പകരം എല്ലാവർക്കും ആവിശ്യം പണം എന്ന നിലയിലുള്ള പൊതു സന്ദേശമാണ് ഉണ്ടായിരുന്നത്. പിന്നീട് ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന പീഡനമെന്ന് കേസ് പോലീസ് രജിസ്റ്റർ ചെയ്തത്.ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ബലമേകാൻ ഷാഹിനയും റുവൈസും തമ്മിലുള്ള സംഭാഷണമടങ്ങുന്ന ഫോൺ മേസേജുകൾ അത്യാവശ്യമാണ്.
റുവൈസുമായുള്ള ഷെഹ്നയുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാർ സമ്മതിച്ചിരുന്നെന്നാണു ഷഹ്നയുടെ ബന്ധുക്കൾ പറയുന്നത്. ഇതിനിടെ വരന്റെ വീട്ടുകാർ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടെന്നും താങ്ങാവുന്നതിൽ അപ്പുറത്തുള്ള തുകയായിരുന്നതിനാൽ വിവാഹം മുടങ്ങിയെന്നും ഇതു ഷഹ്നയെ മാനസികമായി തളർത്തിയെന്നുമാണു ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ സ്ഥാനത്തുനിന്നു കഴിഞ്ഞദിവസം നീക്കിയിരുന്നു. ഷഹ്നയുടെ മരണത്തിനു പിന്നിൽ സ്ത്രീധനമാണെന്ന ആരോപണമാണെന്ന പരാതി അന്വേഷിച്ചു വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ മന്ത്രി വീണാ ജോർജിന് ഉടൻ റിപ്പോർട്ട് നൽകും .