ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക് തടവുശിക്ഷ വിധിച്ചു. വിദേശിയായ യാത്രക്കാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സംഭവം നടക്കുന്നത്. പോളണ്ട് സ്വദേശിയായ സ്ത്രീ ദുബൈയിലെ ബിസിനസ് ബേ ഏരിയയിൽ നിന്ന് ഒരു യാത്രക്കായി ബുക്ക് ചെയ്യുകയായിരുന്നു. പോകേണ്ട ശെരിയായ വഴി ഒഴിവാക്കി പാകിസ്ഥാനി ഡ്രൈവർ മറ്റൊരു വിജനമായ പ്രദേശത്ത് കൂടിയാണ് വാഹനം ഓടിച്ചത്. ഇവിടെ വെച്ച് പ്രതി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതി ലഹരിക്കടിമയായിരുന്നെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സംഭവ ദിവസം രാത്രി 9 മണിക്കാണ് ബിസിനസ് ബേ ഹോട്ടലിൽ നിന്ന് ഇവർ കാറിൽ കയറിയത്.
യാത്ര ആരഭിച്ച് വിജനമായ പ്രദേശത്ത് എത്തിയപ്പോൾ ഇയാൾ യാത്രക്കാരിയെ കാറിൽ നിന്ന് വലിച്ചിറക്കി മരുഭൂമിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി അടുത്തുള്ളൊരു കെട്ടിടത്തിലേക്ക് നടന്ന് ചെന്ന ശേഷം അവിടെ നിന്ന് മറ്റൊരു ടാക്സി വിളിച്ചാണ് വീട്ടിൽ പോയത്. സംഭവിച്ചതെല്ലാം തനിക്ക് കൃത്യമായി ഓർത്തെടുക്കാനാകുന്നില്ലെന്നും യുവതി പറഞ്ഞു.
സംഭവം നടന്ന് പിറ്റേന്ന് രാവിലെ യുവതി ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇവരെ ഫോറൻസിക് മെഡിക്കൽ പരിശോധനക്ക് വിധേയയാക്കി. ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രതിയെ യുവതി തിരിച്ചറിയുകയും ചെയ്തു. എന്നാൽ കോടതിയിലെത്തിയ പ്രതി ലൈംഗികാതിക്രമം നിഷേധിച്ചു. ഫോറൻസിക് റിപ്പോർട്ട് യുവതിക്ക് അനുകൂലമായിരുന്നു. തുടർന്ന് കോടതി ഇയാൾക്ക് ഒരു വർഷം തടവിന് വിധിക്കുകയായിരുന്നു. ശിക്ഷ പൂർത്തിയായാൽ ഉടൻ ഇയാളെ നാടുകടത്തും.