കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടൻ വ്യക്തമാക്കി.(Sexual Allegation Case; Nivin Pauly complained to the Chief Minister)
ഡിജിപിയ്ക്കും പരാതി കൈമാറി. പരാതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിന്‍പോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സിനിമയിൽ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ പരാതി. പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി.