ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ ബസിൽ നിന്നുമാണ് കഴിഞ്ഞ ദിവസം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തെ തുടർന്ന് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഫയർ ഫോഴ്സ് ഡിജിപി പത്മകുമാറിന്റെ ഡ്രൈവർ ഗോപേശാനന്തൻറെ ഭാര്യയുടെ പേരിലാണ് ഈ ബസ്. സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നതായി കണ്ടെത്തിയ സംഭവത്തിൽ ഇനിയും വ്യാപക പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ബസിൻറെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ ബസിൽ പരിശോധന നടത്തിയതിൽ നിന്നും മുപ്പത് പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടാനായത്. തുടർന്ന് ബസും, എഴുപുന്ന സ്വദേശിയായ ഡ്രൈവർ അനിൽകുമാറിനെയും കണ്ടക്ടർ പ്രേംജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടികൂടിയ നിരോധിത ലഹരി ഉത്പന്നങ്ങളുടെ അളവ് കുറവായതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വൈറ്റിലയിൽ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.
ചേർത്തല-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന എൻഎം എന്ന ബസിൽ സ്ഥിര യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. തുടർന്നുള്ള ദിവസങ്ങളിലും ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി വ്യാപക പരിശോധനകൾ ജില്ലയിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.