ന്യൂഡൽഹി: 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നത് മുതൽ ഔദ്യോഗികമായി ഇന്ത്യൻ പാർലമെന്റായി മാറിയ കെട്ടിടത്തോട് ചൊവ്വാഴ്ച്ച എം.പിമാർ വിട പറഞ്ഞത് പുത്തൻ വിവാദത്തോടെ. പുതിയ പാർലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പതിപ്പിൽ തിരുത്തലുകൾ വരുത്തിയതായി ആരോപണം. 1976ൽ ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ‘മതേതരത്വം’ ‘സോഷ്യലിസം’ എന്നീ വാക്കുകൾ കാണാനില്ല. കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് ദില്ലിയിൽ നൽകിയ അഭിമുഖത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്. അദേഹത്തിന്റെ വാക്കുകൾ :
‘‘ഞങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പുതിയ പതിപ്പിൽ, അതായത് പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോൾ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖ(പ്രീയാമ്പിൾ)ത്തിൽ ‘സോഷ്യലിസ്റ്റ് സെക്യുലർ’ എന്ന വാക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം, പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ആരെങ്കിലും ഭരണഘടന കൈമാറുമ്പോൾ ആ വാക്കുകൾ ഉൾപ്പെടുന്നില്ല എന്നത് ആശങ്കാവഹമായ കാര്യമാണ്.
അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂർവമാണ് അവരത് ചെയ്തിരിക്കുന്നത്. ഇതെനിക്ക് വളരെയധികം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ വിഷയം ഞാൻ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ എനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല’’– ചൗധരി പറഞ്ഞു.
അതേ സമയം മനപൂർവ്വം സംഭവിച്ചതല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. 1950ൽ പാസാക്കിയ ആദ്യ ഭരണഘടനയുടെ പതിപ്പാണ് അംഗങ്ങൾക്ക് നൽകിയത്. 1976ൽ വരുത്തിയ മാറ്റമടങ്ങിയതിന്റെ പതിപ്പ് അബദ്ധത്തിൽ വിട്ട് പോയതാണ്. എന്നാൽ ഔദ്യോഗിക വിശദീകരണം ഇത് വരെ പാർലമെന്ററി കാര്യ വകുപ്പിൽ നിന്നും വന്നിട്ടില്ല.
ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വം’ എന്ന വാക്ക് ഉൾക്കൊള്ളിച്ചതിനെ ശക്തമായി എതിർക്കുന്നവരാണ് സംഘപരിവാർ സംഘടനകൾ. ലോക്സഭയിലും രാജ്യസഭയിലും ഒരു പോലെ ഭൂരിപക്ഷം ലഭിച്ചാൽ ഭേദഗതി പാസാക്കി ‘മതേതരത്വം’ എന്ന വാക്ക് ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അത് കൊണ്ട് തന്നെ പുതിയ പാർലമെന്റിലേയ്ക്ക് കടക്കുമ്പോൾ എം.പിമാർക്ക് നൽകിയ പതിപ്പിൽ മാറ്റങ്ങൾ വന്നത് മനപൂർവ്വെന്ന് സാമൂഹികമാധ്യമങ്ങളിലും വിമർശനം സജീവം.
