തിരുവനന്തപുരം വിഴിഞ്ഞത്ത് വിദേശ നിർമ്മിത ഉപഗ്രഹ ഫോൺ കൈവശം വച്ചതിന് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളി നിരീക്ഷണത്തിൽ. സംഭവത്തെ തുടർന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ്, കോസ്റ്റ് ഗാർഡ്, സംസ്ഥാന രഹസ്യപോലീസ് ഉൾപ്പെട്ട ഉദ്യോഗസ്ഥർ വിഴിഞ്ഞത്ത് എത്തി അന്വേഷണം നടത്തി. Secret operation using a foreign-made satellite phone
തൊഴിലാളിയിൽ നിന്നും വിഴിഞ്ഞംപോലീസ് പിടിച്ചെടുത്ത തുറയാ എന്ന പേരിലുളള ഫോണും അന്വേഷണ സംഘങ്ങൾ പരിശോധിച്ചു.വിഴിഞ്ഞം മുക്കോല സ്വദേശി വിനോദിനെ(33) ആണ് കഴിഞ്ഞദിവസം 50000 രൂപയ്ക്കടുത്ത് വിലയുളള ഉപഗ്രഹ ഫോണുമായി വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകിട്ടോയായിരുന്നു സംഭവം.
വിഴിഞ്ഞം തുറമുഖ പരിധിയിലുളള മുക്കോല എന്ന സ്ഥലത്ത് ഉപഗ്രഹ ഫോൺ ഉപയോഗിച്ചതായി ബന്ധപ്പെട്ട രഹസ്യ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഫോണിൽ നിന്നുളള സിഗ്നലുകൾ ബന്ധപ്പെടുത്തിയാണ് കേന്ദ്ര ഏജൻസികൾക്ക് ഇത് നിരീക്ഷിച്ചത്. ഇതേ തുടർന്ന് ഫോൺ പ്രവർത്തിച്ച ലൊക്കേഷൻ അടക്കമുളള വിവരങ്ങൾ വിഴിഞ്ഞം പോലീസിന് രഹസ്യാന്വേഷണ ഏജൻസികൾ അയച്ചുകൊടുത്തു.
ഇതേ തുടർന്ന് വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ശനിയാഴ്ച രാത്രിയോടെ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്നെത്തിയ ഇയാളുടെ ബന്ധു സതീഷ് ആണ് വിനോദിന് ഫോൺ നൽകിയത്. ഇത് പ്രവർത്തിപ്പിച്ചതോടെയാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തുന്നത്.
വിനോദിനെ എല്ലാ ഏജൻസികളും ചോദ്യം ചെയ്തു. ആഴക്കടലിൽ മീൻപിടിത്തത്തിനാണ് ഇയാൾ പോകുന്നത്. എന്നാൽ, ആഴക്കടലിൽ എത്തിയശേഷം ഇലക്ട്രോണി ഉപകരണങ്ങളുടെ സഹായത്തോടെ മീൻ കൂടുതലായുളള സ്ഥലങ്ങൾ കണ്ടെത്തും. തുടർന്ന് മറ്റ് വളളക്കാരെ വിളിച്ചറിയിക്കും. ഇയാളും മീൻപിടിത്തം നടത്തും.
മറ്റ് വളളക്കാരും ഇവിടെ നിന്ന് മീൻപിടിക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു വിഹിതം വിനോദിന് കൊടുക്കും.ഇത്തരത്തിൽ ആഴ്ചയിൽ അഞ്ചുലക്ഷത്തോളം രൂപയുടെ വരുമാനം വിനോദിന് ലഭിക്കുമായിരുന്നു. ഇതേ തുടർന്ന് ആഴക്കടലിൽ വച്ച് മറ്റ് തൊഴിലാളികളെ ബന്ധപ്പെടുന്നതിന് ഉപഗ്രഹ ഫോൺ വാങ്ങാൻ ശ്രമിച്ചതെന്നാണ് ഇയാൾ നൽകിയ മൊഴി.
ഇതേ തുടർന്ന് ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു. അതേ സമയം ഇയാളുടെ പ്രവർത്തനങ്ങൾ, മറ്റുസാഹചര്യങ്ങൾ എല്ലാം അന്വേഷിക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്ട അനുസരിച്ചാണ് വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുളലത്. ഇയാളുടെ മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.