കളമശേരി : പെരിങ്ങഴ വാളവേലി അജയകുമാറിന്‍റെയും ഭാര്യ വിബിയുടെയും വീട് ആരുമില്ലാത്ത നേരം എസ്. ബി. ഐ. ഉദ്യോഗസ്ഥർ ജപ്തി ചെയ്‌തു.
ബാങ്കിന് 50 ലക്ഷത്തോളം രൂപ കുടിശ്ശകയുള്ളതിനാലാണ് ബാങ്ക് ജപ്തി ചെയ്‌തത്.2014 ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്.ബി.ഐ.യുടെ വൈറ്റില ബ്രാഞ്ചിൽ നിന്നാണ് ഇവർ ഭവന നിർമ്മാണ വായ്പ എടുത്തത്.
ഇതുവരെയായി 14 .50 ലക്ഷം രൂപ ഇവർ തിരിച്ചടുച്ചു. സ്ഥിര ജോലിയില്ലാത്ത ഇവരുടെ വായ്പ 2018 തുടങ്ങി കുടിശികയായി. ഇതേ തുടർന്ന് ബാങ്ക് ജപ്തി നടപടി തുടങ്ങി. 2024 ജൂൺ-ജൂലൈ മാസത്തിൽ ബാങ്കിന് 50 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും 33 ലക്ഷം രൂപ അടയ്ക്കാമെങ്കിൽ വായ്പ മുഴുവനായി എഴുതിത്തള്ളമെന്ന് ബാങ്ക് അറിയിച്ചതായി വിബി പറഞ്ഞു.
ഇതേ തുടർന്ന് സമീപത്തെ പെരിങ്ങഴ ശ്രീദുർഗ ഭഗവതി ക്ഷേത്രം ഭാരവാഹികൾ വീട് 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാമെന്ന് പറഞ്ഞു. ഇതനുസരിച്ച് ബാങ്ക് ഉണ്ടാക്കിയ ധാരണ പ്രകാരം 33 ലക്ഷം രൂപ അടയ്ക്കാൻ തയ്യാറാവുകയും കുറച്ചു തുക അടയ്ക്കുകയും ചെയ്‌തു.
എന്നാൽ പിന്നീട് ബാങ്ക് അധികൃതർ മുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല എന്നറിയിച്ചു. ഇതേ തുടർന്നാണ് വ്യാഴാഴ്ച വൈകിട്ട് ബാങ്ക് അധികൃതർ ജപ്തി നടപടികൾ സ്വീകരിച്ചത്. വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്.
ഈ സമയം അജയകുമാറും ഭാര്യയും ജോലിക്കും മക്കൾ സ്കൂളിലും പോയിരിക്കുകയായിരുന്നു. ഇവർ തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്.
SBI seized the house when no one was there.