സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്റെ പിന്നാലെയുണ്ട് ഇഡി; ജയസൂര്യക്ക് വീണ്ടും സമൻസ്
സേവ് ബോക്‌സ് ലേല ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ജനുവരി ഏഴിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാണ് നിർദേശം.
മുമ്പ് രണ്ടു ഘട്ടങ്ങളിലായി പത്ത് മണിക്കൂറിലധികം സമയം ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലുകളിൽ ലഭിച്ച മൊഴികൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയുടെ ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
തൃശൂർ സ്വദേശി സ്വാദിക് റഹീം ആരംഭിച്ച സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തിലൂടെയാണ് ആപ്പ് നിക്ഷേപകരെ ആകർഷിച്ചത്.
ലേലത്തിൽ പങ്കെടുക്കാൻ പണം നൽകി വിർച്വൽ കോയിനുകൾ വാങ്ങേണ്ടതുണ്ടായിരുന്നു. ഇങ്ങനെ കോയിനുകൾ വാങ്ങിയ നിരവധി പേരുടെ പണമാണ് നഷ്ടമായത്.
ഇതിനു പുറമേ, സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി, ഓഹരി നിക്ഷേപം എന്നിവ വാഗ്ദാനം ചെയ്തും സ്വാദിക് റഹീം പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്വാദിക് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്.
തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം ജയസൂര്യയ്ക്കും കൈമാറിയിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
English Summary
Actor Jayasurya has been summoned again by the Enforcement Directorate in connection with the Save Box auction app scam. He has been asked to appear at the ED office in Kochi on January 7. The agency is probing financial transactions linked to the app, in which Jayasurya served as brand ambassador. ED suspects that part of the scam proceeds may have been paid to him.

save-box-app-scam-jayasurya-ed-summons-again
Jayasurya, Save Box app scam, ED summons, Enforcement Directorate, online fraud, Kerala news, celebrity investigation