കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ അഴുക്കുചാലില്‍ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. കോവൂര്‍ കളത്തിന്‍പൊയില്‍ ശശി(56) ആണ് ഓടയിൽ വീണു മരിച്ചത്. ശശി വീണ സ്ഥലത്തു നിന്ന് 300 മീറ്റര്‍ അകലെ ഇക്ര ആശുപത്രിക്ക് സമീപമാണ് മൃതദേഹം കിടന്നിരുന്നത്.
കാണാതായി പത്ത് മണിക്കൂറിലധികം തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെത്തിയതെന്ന് അഗ്നിശമന സേന അറിയിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു ഇയാൾ. ഈ സമയത്ത് അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു.
ശശിയുടെ വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ആദ്യം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാർ പൊലീസിലും അഗ്‌നിശമന സേനയിലും വിവരമറിയിക്കുകയായിരുന്നു.
രാത്രി വൈകി രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അഗ്‌നിശമന സേനാ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്ക് ഇവിടെ അനുഭവപ്പെട്ടിരുന്നു.