കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍. കോണ്‍ഗ്രസിലെ ജീര്‍ണതകള്‍ കുഴിച്ച് മൂടാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നും പരാതി പറയാന്‍ ഫോറങ്ങളില്ലെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. Sarin lashed out at the Congress leadership and the opposition leader.
ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചത് വി.ഡി.സതീശനെന്നും സരിൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഷാഫി പറമ്പിലിനെ വടകരയില്‍ മല്‍സരിപ്പിച്ചത് പാലക്കാട് ബിജെപിയെ സഹായിക്കാനായിരുന്നുവെന്ന് സരിന്‍ പറയുന്നു. തോന്നുംപോലെ കാര്യങ്ങള്‍ നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സരിന്‍ ആരോപിക്കുന്നു. വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളാണ് സരിന്‍ ഉന്നയിക്കുന്നത്.
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ‘ഐ ആം ദി പാര്‍ട്ടി’ എന്ന നിലപാടാണ് സതീശനുള്ളത്. സഹപ്രവര്‍ത്തകരോട് രാജാവിനെ പോലെയാണ് പെരുമാറുന്നത്. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്.
പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു. സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു. പരസ്പര ബഹുമാനമില്ലെന്നും കീഴാള സംസ്കാരത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോയെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ കൊണ്ടുപോയ രീതി മാറിയെന്നും സരിന്‍ പറയുന്നു.