മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ആദ്യ പരാജയം വഴങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ പരാജയത്തെക്കുറിച്ചുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
എവിടെയാണ് നിങ്ങള്‍ പരാജയപ്പെട്ടതെന്നായിരുന്നു മത്സരത്തിന് ശേഷം അവതാരകൻ സഞ്ജു=വിനോദ് ചോദിച്ചത്. ഇതിന് ‘അവസാന പന്തില്‍’ എന്നായിരുന്നു സഞ്ജു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ‘ശരിക്കും?’ എന്ന് അവതാരകന്‍ തിരിച്ചുചോദിക്കുകയും ചെയ്തു. ‘അതെ അവസാന പന്തില്‍ ഗുജറാത്തിന് രണ്ട് റണ്‍സ് വേണമായിരുന്നു. അവര്‍ വിജയിച്ചു’, സഞ്ജു മറുപടി പറഞ്ഞു. സഞ്ജുവിന്റെ മറുപടി നിമിഷങ്ങൾക്കകം വൈറലായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന കിടിലന്‍ സ്‌കോര്‍ നേടിയെങ്കിലും ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ബൗണ്ടറിയിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.