കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ
തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസനെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് മഹാമേള.
സ്‌കൂൾ ഒളിമ്പിക്‌സിന്റെ പ്രമോ വീഡിയോ പൊതുവിദ്യാഭ്യാസ മന്ത്രി ജി.ആർ. അനിൽ പുറത്തിറക്കി.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ തന്നെ കായിക പ്രതിഭകളെ ആദരിക്കുന്നതിനായി സ്വർണക്കപ്പ് നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
ഏറ്റവും കൂടുതൽ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117.5 പവൻ സ്വർണക്കപ്പ് സമ്മാനമായി നൽകും.
നടപടികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ജേതാക്കൾക്ക് സ്വർണക്കപ്പ് നൽകുന്നത് കായികമേളയെ കൂടുതൽ ആവേശകരവും ശ്രദ്ധേയവുമായി മാറ്റുമെന്ന നിലപാടിലാണ് സർക്കാർ.
ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലുള്ള ഫണ്ടുകളും, ആവശ്യമെങ്കിൽ കായികമേളയ്ക്കായി ലഭിക്കുന്ന സ്പോൺസർഷിപ്പ് തുകയും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.