ന്യൂഡൽഹി: ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ കെ.പി.സി.സിയുടെ തലപ്പത്തേക്ക്. ജനറൽ സെക്രട്ടറിയായേക്കുമെന്നാണ് റിപ്പോർട്ട്. കെ.പി.സി.സി പുനസംഘടനക്ക് മുൻപ് ഇത് സംബന്ധിച്ച തീരുമാനം എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഡൽഹിയിലെത്തിയ സന്ദീപ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിർണായക റിപ്പോർട്ട് പുറത്ത് വന്നത്.
ഏത് പദവി തന്നാലും സ്വീകരിക്കാൻ തയാറാണെന്നും സജീവ പ്രവർത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാൽ തീരുമാനം വൈകരുതെന്നും പാർട്ടി നേതൃത്വത്തോട് സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് ഉപതിരഞ്ഞടുപ്പിനിടെയായിരുന്നു ബി.ജെ.പി നേതൃത്വവുമായി ഉടക്കിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.
പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കൃഷ്ണകുമാറിനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെത്തിയ സന്ദീപിന് വന്‍ സ്വീകരണമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും അടക്കമുള്ളവര്‍ ഒരുക്കിയത്.
കോൺഗ്രസിൽ എത്തിയ ശേഷം കെ.പി.സി.സി ആസ്ഥാനത്ത് എത്തിയപ്പോഴും സന്ദീപ് വാര്യർക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു കോൺഗ്രസിൻ്റെ ഷാള്‍ അണിയിച്ചാണ് സന്ദീപിനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.