പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തു നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു. പകരക്കാരനായി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്ന് കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) എത്തുന്നത്. ചിങ്ങം ഒന്നിന് ശബരിമലയിൽ തുറക്കുമ്പോൾ തന്ത്രിമാറ്റം നടക്കും.(sabarimala thanthri Kandararu brahmadathan)
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ലീഗല്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന കണ്ഠര് ബ്രഹ്‌മദത്തന്‍ ഒരുവര്‍ഷം മുമ്പാണ് ജോലി രാജിവെച്ച് പൂജകളിലേക്കു തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതു മുതല്‍ പൂജകള്‍ പഠിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും ഒപ്പമുണ്ടായിരുന്നു.
ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. ഇക്കൊല്ലം ചിങ്ങമാസപൂജകള്‍ക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും. അന്ന് വൈകീട്ട് മേല്‍ശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. പൂര്‍ണചുമതലയില്‍നിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളില്‍ രാജീവരുടെ പങ്കാളിത്തമുണ്ടാകും.
Read Also: വൈസ് ചാൻസലർമാർ ഇനി കുലഗുരു എന്നറിയപ്പെടും; പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകി
Read Also: കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി