ശബരിമല സ്വർണക്കൊള്ള; സിപിഎം അങ്കലാപ്പിൽ
ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരിലേക്കും നീളുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കമ്മിഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
വാസുവിന്റെ പിഎ ആയിരുന്ന സുധീഷ് കുമാർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തത്. വാസുവിന്റെ മൊഴി എസ്പി ശശിധരൻ രേഖപ്പെടുത്തി.
സിപിഐ(എം) നോമിനികളായ എ. പദ്മകുമാറും എൻ. വാസുവും ദേവസ്വം ബോർഡ് അധ്യക്ഷരായിരുന്ന കാലത്താണ് ശബരിമലയിൽ സ്വർണക്കൊള്ള നടന്നത്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെ അന്വേഷണം ഭരണസമിതിയിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എ. പദ്മകുമാറിനേയും ഉടൻ എസ്‌ഐടി ചോദ്യം ചെയ്യും എന്നതാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ അന്വേഷണത്തിന്റെ ഈ നീക്കം സിപിഎമ്മിന് ആശങ്കയാകുകയാണ്.
ഇതുവരെ മൂന്നു പേരാണ് കേസിൽ അറസ്റ്റിലായത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ മുരാരി ബാബു, ഡി. സുധീഷ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്നതും, സ്വർണപ്പാളികളെ ചെമ്പുപാളികളായി രേഖപ്പെടുത്തിയതും, ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തെറ്റായ ശുപാർശക്കത്ത് നൽകിയതുമാണ് അന്വേഷണസംഘം കണ്ടെത്തിയത്.
മഹസ്സറുകളിലും ‘ചെമ്പുതകിടുകൾ’ എന്ന് രേഖപ്പെടുത്തിയിരുന്നു. അതിനൊപ്പം സ്ഥലത്തില്ലായ്മയിലുള്ളവരുടെ പേരുകളും രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താനുള്ള അവസരം ലഭിച്ചതാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
അറസ്റ്റിലായ സുധീഷ് കുമാറിനെ തിരുവനന്തപുരം പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കസ്റ്റഡിക്കായി പ്രത്യേക അന്വേഷണസംഘം അപേക്ഷ നൽകാനിരിക്കുകയാണ്.
മറ്റു പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നൽകിയ മൊഴികളിൽ സുധീഷിനെതിരേ പരാമർശങ്ങളുണ്ടായിരുന്നു.
സുധീഷ് കുമാറിന്റെ റിമാൻഡ് മൊഴി കേസിൽ പുതിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. “എല്ലാം മുകളിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നു,” എന്നാണ് സുധീഷിന്റെ മൊഴി.
താൻ മാത്രമല്ല, അന്നത്തെ ദേവസ്വം ബോർഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതിൽ നേരിട്ട് പങ്കാളികളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
രേഖകളിൽ ‘സ്വർണം പൂശിയ പാളികൾ’ എന്ന പരാമർശം ഒഴിവാക്കിയത് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നും, എക്സിക്യൂട്ടീവ് ഓഫീസർക്ക് മാത്രമായി അത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും മൊഴിയിൽ പറയുന്നു.
സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ബോർഡിന്റെ നിർദേശപ്രകാരമാണെന്നും, അതുസംബന്ധിച്ച എല്ലാ വിവരങ്ങളും മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നുവെന്നും സുധീഷ് വ്യക്തമാക്കി.
രേഖകളിൽ ‘ചെമ്പുപാളികൾ’ എന്ന് എഴുതിയതിൽ ആരും എതിർപ്പില്ലെന്ന് മൊഴിയിൽ പറയുന്നു.
ഇതിനാൽ, അന്നത്തെ ദേവസ്വം ബോർഡ് ഭരണാധികാരികളിലേക്കും, കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും.
സുധീഷ് കുമാറിന്റെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിച്ച് ശരിവരുത്തിയ ശേഷം, മുകളിലേയ്‌ക്കുള്ളവരെയും ചോദ്യം ചെയ്യാനും പ്രതിപട്ടികയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
English Summary:
The investigation into the Sabarimala gold theft case has now reached former Devaswom Board presidents. Former board president and commissioner N. Vasu was questioned by the Special Investigation Team (SIT), following the arrest of his personal assistant, D. Sudheesh Kumar.









