രാജേന്ദ്രൻ ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നത് അഞ്ച് ഉപാധികൾ
കോട്ടയം ∙ സിപിഎമ്മിന്റെ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ അഞ്ചു പ്രധാന ഉപാധികളുടെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
സിപിഎമ്മുമായി അകൽച്ചയിലായ രാജേന്ദ്രനെ പാർട്ടിയിലേക്ക് എത്തിക്കാൻ ബിജെപിയുടെ കേരള–തമിഴ്നാട് ഘടകങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നു.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബിജെപി പ്രവേശനം ഉറപ്പിച്ചതെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.
പാർട്ടി പ്രവേശനത്തിന് മുൻപ് താൻ മുന്നോട്ടുവച്ച ആവശ്യങ്ങൾക്ക് ബിജെപി ദേശീയ നേതൃത്വത്തിന്റെ വ്യക്തമായ ഉറപ്പാണ് തേടുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു.
2006 മുതൽ 2021 വരെ തുടർച്ചയായി മൂന്നു തവണ സിപിഎം എംഎൽഎയായിരുന്ന രാജേന്ദ്രൻ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ബിജെപിക്ക് മുന്നിൽ രാജേന്ദ്രൻ അഞ്ച് ഉപാധികളാണ് വച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധി കൊണ്ടുവന്ന വനസംരക്ഷണ നിയമത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വേണമെന്നതാണ് പ്രധാന ആവശ്യം.
പൊതുജനാഭിപ്രായം തേടിയശേഷം സർക്കാർ ഉത്തരവ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടയഭൂമി പ്രശ്നങ്ങൾ, വന്യജീവി ആക്രമണം, ഇടുക്കിയിലെ റോഡ്–കെട്ടിട വികസനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.
പ്ലാന്റേഷനുകളിൽ തൊഴിലാളികൾ താമസിക്കുന്ന പഴക്കമേറിയ ലയങ്ങൾ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം ചെയ്യണമെന്നും, ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നാർ ഫ്ലൈഓവർ, ഇടുക്കിയിലെ മറ്റ് അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി–വർഗ വിദ്യാർഥികൾക്കായി പുതിയ ഹോസ്റ്റലുകൾ എന്നിവയും ആവശ്യങ്ങളുടെ ഭാഗമാണ്.
ചർച്ചകളിൽ ഈ ഉപാധികൾ അംഗീകരിക്കാൻ ബിജെപി നേതൃത്വത്തിന് വലിയ എതിർപ്പൊന്നും ഉണ്ടായില്ലെന്നും, തത്വത്തിൽ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി സംസാരിച്ചതിന് ശേഷം പാർട്ടി പ്രവേശന തീയതി തീരുമാനിക്കുമെന്നാണ് സൂചന.
English Summary
Former CPM MLA of Devikulam, S. Rajendran, has confirmed his decision to join the BJP based on five key conditions. After prolonged discussions with BJP leadership, including state president Rajeev Chandrasekhar, Rajendran said the party has largely agreed to his demands, which focus on forest laws, land rights, plantation workers’ housing, minority issues, and infrastructure development in Idukki. His formal entry will be finalized after approval from the BJP’s national leadership.
s-rajendran-bjp-entry-five-conditions-devikulam
S Rajendran, BJP Kerala, CPM leader exit, Devikulam MLA, Rajeev Chandrasekhar, Kerala politics, Idukki issues









