കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപ തുക റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്. സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. Rural Cooperative Society returns investment amount of Sabu Thomas, who committed suicide in Kattappana.
ഇതിനിടെ ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
ഡിസംബര്‍ 20നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡേവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.
സംഭവത്തിൽ മൂന്ന് ബാങ്ക് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെപോക്ക് തുടരുകയാണ് എന്ന് കുടുംബം ആരോപിക്കുന്നു.