രൂപയുടെ മൂല്യം ₹110 വരെ ഇടിയാം! യുദ്ധഭീതിയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത തിരിച്ചടി; വരാനിരിക്കുന്നത് വൻ വിലക്കയറ്റമോ?
ന്യൂഡൽഹി: ആഗോള സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയുണ്ടാകാമെന്ന മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവിനെയും നിക്ഷേപങ്ങളെയും ഗൗരവമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഏകദേശം ₹94 നിരക്കിലുള്ള രൂപയുടെ മൂല്യം വരും മാസങ്ങളിൽ ₹98 വരെ താഴാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധം ദൈർഘ്യമേറിയാൽ ഇത് ₹110 വരെ ഇടിയാമെന്ന മുന്നറിയിപ്പും അമേരിക്കൻ ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈൻ നൽകുന്നു.
രൂപയുടെ മൂല്യം കുറഞ്ഞാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ കൂടുതൽ ചെലവേറിയതാകും. ഇതോടെ രാജ്യത്തെ വിലക്കയറ്റം വർധിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിലും ഈ സാഹചര്യം പ്രതികൂല സ്വാധീനം ചെലുത്തും. ഈ വർഷാവസാനം നിഫ്റ്റി 26,000 പോയിന്റിൽ ഒതുങ്ങുമെന്നാണ് പുതിയ പ്രവചനം. മുമ്പ് 28,100 വരെ ഉയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇത് 20,000 ന് താഴെയെത്താനും സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ചവർക്കു നഷ്ടം സംഭവിക്കാനിടയുണ്ട്. കൂടാതെ ഇറാൻ യുദ്ധം മൂലം അസംസ്കൃത എണ്ണവില ഉയരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകും. എണ്ണവില വർധിക്കുന്നത് ചരക്കുനീക്ക ചെലവ് കൂട്ടുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയും ചെയ്യും. പെട്രോൾ വില കൂടുന്നത് പച്ചക്കറി മുതൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ വരെ എല്ലാറ്റിനെയും ബാധിക്കും.
ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ വലിയൊരു പങ്ക് ഇറക്കുമതിയിലൂടെ നിറവേറ്റുന്നതിനാൽ ഡോളർ നിരക്ക് ഉയരുമ്പോൾ കൂടുതൽ രൂപ ചെലവാക്കേണ്ടിവരും. യുദ്ധസാഹചര്യങ്ങളിൽ വിദേശ നിക്ഷേപകർ സുരക്ഷിതമായ ഡോളറിലേക്കും സ്വർണ്ണത്തിലേക്കും മാറുന്നതും രൂപയ്ക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കും.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയോട് സാമ്യമുള്ള സാഹചര്യം രൂപപ്പെടാനിടയുണ്ടെന്ന വിലയിരുത്തലും റിപ്പോർട്ടിൽ ഉണ്ട്. ആഗോള സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും ചേർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക നിലയ്ക്കും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനും നേരിട്ടുള്ള ആഘാതം ഉണ്ടാകുമെന്നതാണ് മുന്നറിയിപ്പ്.
English Summary
Rising global conflicts could significantly impact India’s economy, with reports warning that the Indian rupee may weaken to ₹98 in the near term and possibly to ₹110 if geopolitical tensions persist. A weaker rupee would increase import costs, fuel inflation, and negatively affect stock markets. Nifty projections have been lowered, and in a worst-case scenario, it may fall below 20,000. Rising crude oil prices due to conflicts like the Iran war could further strain the economy by increasing fuel and transportation costs. Foreign investors may shift to safer assets like the dollar and gold, adding pressure on the rupee. Experts warn of a situation similar to the 2008 global financial crisis.









