ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരുക്കുന്ന അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയിലേക്ക് ആണ് ഉയർത്തിയത്. മുമ്പ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭാഗവതിനായി ഉണ്ടായിരുന്നത്.(RSS chief Mohan Bhagwat’s protection protocol has been upgraded)
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന സമയങ്ങളിൽ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും മോഹൻ ഭാഗവതിനെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതിയ പ്രോട്ടോക്കോൾ പ്രകാരം, ജില്ലാ ഭരണകൂടങ്ങളും പൊലീസും ആരോഗ്യ വകുപ്പുകളും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരും ഗാർഡുകളും ഉൾപ്പെടെയുള്ളവരാണ് ഭാഗവതിൻ്റെ സുരക്ഷയിൽ സജീവ പങ്ക് വഹിക്കുക. മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകളും ഈ സുരക്ഷാസംവിധാനത്തിൽ ഉൾപ്പെടും. ഭാഗവതിന്റെ യാത്രകൾക്കായി പ്രത്യേക ഹെലികോപ്റ്ററുകളും ഒരുക്കും.