ഷാർജയിൽ നിർമ്മാണത്തിലിരുന്ന സ്കൂളിന്റെ മേൽക്കൂര നിലംപതിച്ച് ഉണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ
ഉച്ചയോടെയായിരുന്നു സംഭവം. (Roof of school under construction in Sharjah collapses accident: Two killed)
ചിലരുടെ പരുക്കുകൾ ഗുരുതരമാണ്. രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് മാറ്റി. അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് റെസ്‌പോൺസ് ടീമുകൾ ഉടൻ സ്ഥലത്തെത്തുകയും പരുക്കേറ്റ അറബ്, ഏഷ്യൻ പൗരൻമാർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തതായി കിഴക്കൻ മേഖലാ പൊലീസ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ ഡോ. അലി അൽ ഖമൂദി പറഞ്ഞു.
ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ, ക്രൈം സീൻ ടീം, നാഷനൽ ആംബുലൻസ്, കൽബ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ എല്ലാ പ്രത്യേക സംഘങ്ങളും സംഭവസ്ഥലത്ത് എത്തി രക്ഷപ്രവർത്തനം നടത്തി.