കോട്ടയം: കോട്ടയം പാമ്പാടിയിൽ ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മീനടം സ്വദേശി മിനി തോമസിനെയാണ് പാമ്പാടി പോലീസ് പിടികൂടിയത്. ഇന്നലെയാണ് മോഷണം നടന്നത്. കൂരോപ്പട സ്വദേശിനിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.
മോഷ്ടിച്ചെടുത്ത മാല കോട്ടയത്തെ ഒരു ജ്വല്ലറിയിൽ പ്രതി വിൽക്കുകയും ചെയ്തു. വിവരം ലഭിച്ച പോലീസ് പ്രതിയെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ മിനി തോമസ്.
ആൾത്തിരക്കുള്ള സ്ഥലങ്ങളിലെത്തി സ്വർണാഭരണങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ സ്ഥിരം രീതി. ഇന്നലെ മാല നഷ്ടപ്പെട്ട വീട്ടമ്മ ബസിനുള്ളിൽ വെച്ച് തന്നെ വിവരം പറയുകയും, തുടർന്ന് പാമ്പാടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാമ്പാടി പോലീസ് മിനി തോമസിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു.