കൊച്ചി: തലസ്ഥാനത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. എറണാകുളം സൗത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ ലോഡ്ജിലാണ് സംഭവം. നാലംഗ സംഘം ലോട്ടറി കട നടത്തുന്നയാളെ മര്‍ദ്ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ എറണാകുളത്ത് സ്പാ നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികൾ ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും സംഘം മോഷ്ടിച്ചു.
സംഭവ ശേഷം ഒളിവില്‍ പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. കവർച്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളും അക്രമി സംഘത്തില്‍പ്പെട്ടവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
Read Also: ആർക്കും വേണ്ടാത്ത 78,213 കോടി;ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന
Read Also: നടുറോഡിൽ പോലീസുകാരെ വിറപ്പിക്കുന്ന നടി; നിവേദ പൊതു രാജിൻ്റെ വീഡിയോ വൈറൽ