ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ സംബന്ധിച്ച ശുഭകരമായ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പ്രിയ താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. വാഹനാപകടത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന താരം ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേരുമെന്ന് ടീം ഉറപ്പിച്ചിട്ടുണ്ട്. ഡൽഹിയുടെ നായകനായി തന്നെ പന്ത് എത്തുമെന്നാണ് റിപ്പോർട്ട്. നായകനായി തന്നെ റിഷഭ് പന്ത് മടങ്ങി വരുന്നു. അപകടത്തിൽ കാൽമുട്ടിലെ ലിഗമെന്റിനു ഗുരുതര പരിക്കേറ്റ താരം മടങ്ങി വരുമ്പോൾ പല ചോദ്യങ്ങളും ബാക്കിയാകുന്നുണ്ട്.
പരിക്കിൽ നിന്നും താരം പൂർണമായും മോചിതനായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മടങ്ങി വന്നു കഴിഞ്ഞാൽ പഴയ ഫോർമാറ്റ് വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇതുവരെ പരിശീലനവും ആരംഭിച്ചിട്ടില്ല. ശാരീരികക്ഷമതയും കളി മികവും വീണ്ടെടുത്താല്‍ മാത്രമേ താരത്തിന് ഐപിഎല്ലിൽ കളിയ്ക്കാൻ കഴിയുകയുള്ളു. കൂടാതെ വിക്കറ്റ് കീപ്പറാവാൻ താരത്തിന് ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ അനുമതിയും കിട്ടണം. അനുമതി ലഭിച്ചില്ലെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായോ ഇമ്പാക്ട് പ്ലേയർ ആയോ മാത്രമേ പന്തിനു ടീമിൽ സ്ഥാനം ഉണ്ടാകൂ. അപകടത്തെത്തുടർന്ന് താരത്തിന് കഴിഞ്ഞ ഐപിഎൽ സീസൺ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും താരം പുറത്തു തന്നെയായിരുന്നു. എന്നാൽ ഐപിഎൽ സീസണിൽ ഫിറ്റ്നസും ഫോമും വീണ്ടെടുത്താൽ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം, ഐപിഎല്ലിൽ ഇതേവരെ 98 മത്സരങ്ങളിൽ നിന്ന് 2835 റൺസാണ് പന്ത് നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 15 അർധ സെഞ്ചുറിയും തരാം സ്വന്തം പേരിലാക്കിയിട്ടുണ്ട്. പന്തിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറായിരുന്നു കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്. എന്നാൽ പന്തിന്റെ അഭാവം ടീമിൽ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. 2016 യിൽ ടീമിലെത്തിയ താരം 2021, 2022 സീസണുകളില്‍ നായകത്വം വഹിച്ചു. ഫെബ്രുവരി അവസാനത്തോടെ പൂര്‍ണമായ ഫിറ്റ്‌നെസ് വീണ്ടെടുക്കാൻ പന്തിനു കഴിയുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ ടീമിലെ കരുത്തനായ താരം പൂർണ ആരോഗ്യവാനായി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷയിലാണ് ഡൽഹി ക്യാപിറ്റൽസ് ആരാധകർ.
Read Also:ഐപിഎല്ലിലെ കരുത്തർ, എന്നാൽ വനിതാ ടീമിനോട് എതിർപ്പ്; സിഎസ്കെയുടെ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്