ബംഗലൂരു: സ്വകാര്യസ്ഥാപനങ്ങളിലെ ജോലി 100 ശതമാനവും കന്നഡിഗര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള ബില്ലിന് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കി.The Karnataka government has approved a bill to reserve 100 percent jobs in private sector for Kannadigas
സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ നിയമനമാണ് കന്നഡിഗര്‍ക്കായി സംവരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
‘കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ദി ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ് ആന്റ് അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബില്‍ 2024’ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചേക്കും.
ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് എന്നത് ബില്ലില്‍ വിശദമാക്കുന്നത് ഇപ്രകാരമാണ്. വ്യവസായം, ഫാക്ടറി, അല്ലെങ്കില്‍ മറ്റേതൊരു സ്ഥാപനമായാലും മാനേജ്‌മെന്റ് കാറ്റഗറിയില്‍ 50 ശതമാനവും തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കേണ്ടത്.
നോണ്‍- മാനേജ്‌മെന്റ് കാറ്റഗറിയില്‍ 70 ശതമാനം തദ്ദേശ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണമെന്നും ബില്ലില്‍ വിഭാവനം ചെയ്യുന്നു.
ഉദ്യോഗാര്‍ത്ഥിക്ക് കന്നഡ ഭാഷ പഠിച്ചതായിട്ടുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അല്ലാത്തവര്‍ ‘നോഡല്‍ ഏജന്‍സി നിര്‍ദേശിക്കുന്ന കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കണം. ഒഴിവുള്ള തൊഴിലിനായി പ്രാവീണ്യമുള്ള തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍, നിയമത്തില്‍ ഇളവ് തേടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്.
നിയമം ലംഘിക്കുന്ന സ്ഥാപന ഉമ, മാനേജര്‍ തുടങ്ങിയവര്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.