ഫരീദാബാദ്: ഫരീദാബാദിലെ അജയ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം . 14 കാരന്റെ ക്രൂരതയിൽ 55 കാരനായ മുഹമ്മദ് അലീമാണ് ചൊവ്വാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് മകനെ അലീം വഴക്കു പറഞ്ഞിരുന്നു.
ഇതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കുട്ടി അച്ഛനെ തീകൊളുത്തിയത്. അച്ഛനെ തീകൊളുത്തിയതിനു ശേഷം മുറി പുറത്തുനിന്ന് ലോക്ക് ചെയ്യുകയായിരുന്നു. റിയാസുദ്ധീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മുറിയിലാണ് അലീമും മകനും കഴിഞ്ഞിരുന്നത്. അലീമിൻറെ ഭാര്യ നേരത്തെ മരിച്ചു.
പുലർച്ചെ രണ്ടു മണിക്ക് അലീമിൻറെ നിലവിളി കേട്ട് വീട്ടുടമയായ റിയാസുദ്ധീൻ ഓടിയെത്തുകയായിരുന്നു. ടെറസിൽ കൂടെ മുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയൽവാസിയുടെ സഹായത്തോടെ അകത്തേക്ക് കടന്നെങ്കിലും അലീമിനെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു.
ഇരുവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ അലീമിന്റെ ജീവൻ നഷ്ടമായിരുന്നു. റിയാസുദ്ധീനെ കണ്ടതോടെ അലീമിൻറെ മകൻ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് അലീം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാളും മകനും ഫരീദാബാദിലെത്തുന്നത്. അജയ് നഗറിലെ റിയാസുദ്ധീൻറെ വീടിൻറെ റെടസിലെ മുറി വാടകയ്‌ക്കെടുത്തായിരുന്നു താമസം. ആരാധനാലയങ്ങളിലേക്ക് സംഭാവന പിരിവും , ആഴ്ച ചന്തയിൽ കൊതുകുവല വില്പനയുമാണ് ഇയാളുടെ ഉപജീവന മാർഗങ്ങൾ.