കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തിയ രണ്ടുപേർ പിടിയിൽ. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി രാജേന്ദ്രന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഡ്രോൺ പറത്തുന്നതിന് ഇവിടെ നിരോധനമുണ്ട്.(Red Zone Breach: Two Held for Illegal Drone Operation at Mattancherry Synagogue)
നേവൽ ബേസ്, ഷിപ്‌യാഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോൾഗാട്ടി, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അമ്പലമുകള്‍ റിഫൈനറി എന്നീ സ്ഥലങ്ങൾ കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളാണ്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതിന് അനുമതി ഇല്ല.
കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പത്രവും സിവിൽ ഏവിയേഷന്റെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ റെഡ് സോണിൽ ഡ്രോൺ പറത്താനാകൂ. അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണ്.