സ്‌റ്റോപ്പുള്ള ഇടങ്ങളിലെല്ലാം തത്സമയ ടിക്കറ്റ് ബുക്കിങ്
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇതിന് സൗകര്യമുണ്ടായിരുന്നില്ല.
സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നാണ് അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം കൊണ്ടു വരുന്നത്. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്.
ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വന്നു.
പരമ സാത്വികനാണ് ഈ വന്ദേഭാരത് എക്സ്പ്രസ്; ഇന്ത്യയിലെ ആദ്യത്തെ പ്യൂർ വെജ് ട്രെയിൻ
ന്യൂഡൽഹി: സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ. ഈ സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തം.
കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ഭക്തരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജ് ഭക്ഷണം ലഭിക്കില്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.
സാത്വിക് ട്രെയിൻ എന്നാണ് ട്രെയിൻ യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത് ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്തതോടെയാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്.
സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാർ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ ട്രെയിനിൽ കൊണ്ടുവരുന്നതും വിലക്കി.
ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് സർവീസും (IRCTC) ‘സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാർ പ്രകാരം ഈ ട്രെയിൻ ഔദ്യോഗികമായി പൂർണ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.
ഈ ട്രെയിനിന്റെ അടുക്കളയിൽ മാംസാഹാരം തയ്യാറാക്കാൻ അനുവാദമില്ല. അതേസമയം, പൂർണ സസ്യാഹാരം ആക്കിയതിനെതിരെ വൻ വിമർശനങ്ങളും ഉയരുന്നുണ്ട്.
മുംബൈ-കേരള യാത്ര വെറും12 മണിക്കൂറിൽ…!മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ വന്ദേഭാരത് വരുന്നു…
മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ ഒരു വന്ദേഭാരത് സർവീസ് വരുന്നതായി സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇത് യാഥാർത്ഥ്യമായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം.
ഈ സർവീസ് യാഥാർത്ഥ്യമാകുകയാണെങ്കിൽ, 12 മണിക്കൂറിനുള്ളിൽ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.
നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും.
നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.
English Summary:
The Southern Railway has announced the introduction of real-time ticket booking facilities at all stations where Vande Bharat trains have stops. The facility has been launched for selected Vande Bharat trains, allowing passengers to make current reservations up to 15 minutes before the train arrives at the station, provided seats are available. Earlier, this facility was not available once the train had departed from its originating station.