ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് ഉജ്വല ജയം. 225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് ദിസനായകെയുടെ എൻപിപി നേടിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ് ജെ ബി) ആണ് രണ്ടാം സ്ഥാനത്ത്. പതിമൂന്നുസീറ്റുകൾ മാത്രമാണ് ഇവർക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പുനടന്ന എല്ലാ സീറ്റുകളുടെയും ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാവും.
സെപ്‌തംബറിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് 225 സീറ്റിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എൻ പി പിയ്ക്ക് മൂന്നുസീറ്റുകൾ മാത്രമാണ് പാർലമെന്റിലുണ്ടായിരുന്നത്. രാജ്യത്തെ പട്ടിണിപ്പാവങ്ങളായ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനുളള നയങ്ങൾക്കുള്ള അംഗീകാരമാണ് എൻ പി പി നേടിയ വിജയം എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.
‘ഇക്കഴിഞ്ഞ സെപ്തംബർ മുതൽ ശ്രീലങ്കയുടെ രാഷ്ട്രീയ സംസ്കാരത്തിൽ ഒരു സുപ്രധാന മാറ്റം ഉണ്ടായിട്ടുണ്ട്. അത് തുടരണം. ഇത് ശ്രീലങ്കയുടെ നിർണായ വഴിത്തിരിവായാണ് ഞങ്ങൾ കാണുന്നത്.
ശക്തമായ ഒരു പാർലമെന്റ് രൂപീകരിക്കാനുള്ള ജനവിധിയാണിത്’- ദിസനായകെ പറഞ്ഞു. ജനവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന് വോട്ടുരേഖപ്പെടുത്തിയശേഷവും ദിസനായകെ പറഞ്ഞിരുന്നു.
വോട്ട് എണ്ണൽ നടക്കുന്ന ഭൂരിപക്ഷം സീറ്റുകളിലും എൻപിപി തന്നെയാണ് മുന്നിൽ. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയത്.
ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിൾ അരസു കച്ഛി ആറു സീറ്റുകളും ശ്രീലങ്ക പൊതുജന പെരമുന രണ്ടു സീറ്റുകളും നേടി.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയിൽ അധികാരമാറ്റത്തിലേക്ക് നയിച്ചത്.
ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിൽ 2024 സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ദിസനായകെ അധികാരത്തിൽ എത്തിയത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2024 സെപ്റ്റംബർ 24ന് ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടു. അതിനുശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
1968 നവംബറിൽ അനുരാധപുര ജില്ലയിലെ താംബുത്തഗാമയിലെ ഒരു സാധാരണ കുടുബത്തിലായിരുന്നു ദിസനായകെയുടെ ജനനം. ‘തൊഴിലാളികളുടെ മകൻ” എന്ന് പ്രഖ്യാപിച്ചായിരുന്നു ദിസനായകെയുടെ പ്രചാരണം.
സ്കൂൾ കാലത്ത് രാഷ്ട്രീയം തുടങ്ങിയ മാർക്സിസ്റ്റ് -ലെനിനിസ്റ്റ് നേതാവായ ദിസനായകെ 1987-ലാണ് ജെ.വി.പിയിൽ ചേർന്നത്. 2001-ൽ പാർലമെന്റിലെത്തി.
പാർട്ടിയിൽ പെട്ടെന്നായിരുന്നു ദിസനായകെയുടെ വളർച്ച. 2019-ൽ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായി. 3.2 ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്.
മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്‌ക്കെതിരെ 2022-ൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതാണ് ദിസനായകെയുടെ ജനപ്രീതിയിൽ ടേണിംഗ് പോയിന്റായത്.
ജനങ്ങളിൽ ഒരാളാണ് താനെന്നും സമൂലമായ മാറ്റത്തിന് തന്നെപ്പോലൊരാൾ രാജ്യത്തിന് വേണമെന്നുമുള്ള പ്രതീതി ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിൽ ദിസനായകെ വിജയിച്ചു.
അഴിമതി തുരത്തും, രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കും, എക്സിക്യുട്ടീവ് പ്രസിഡൻസി ഇല്ലാതാക്കും, അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ വ്യവസ്ഥകളിൽ വീണ്ടും ചർച്ച നടത്തും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റു രാജ്യങ്ങളെ അനുവദിക്കില്ല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ.
ഇതിലെല്ലാം വൻ പ്രതീക്ഷയാണ് ജനങ്ങൾ വച്ചുപുലർത്തുന്നത്. കുടുംബാധിപത്യം ഇനിയുണ്ടാവരുതെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.