ലോകത്തിൽ ആദ്യം; അപൂർവ അമീബിക് ജ്വരവും ഫംഗസ് അണുബാധയും ചികിൽസിച്ചു ഭേദമാക്കി; 17കാരൻ ജീവിതത്തിലേക്ക്; പുതുചരിത്രമെഴുതി കേരളം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ 17കാരനായ വിദ്യാർത്ഥി, ഒരേസമയം അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗവും (Aspergillus flavus ) ഫംഗസ് മസ്തിഷ്‌ക അണുബാധയും മറികടന്ന് ജീവിതത്തിലേക്ക് മടങ്ങി.
ലോകത്ത് തന്നെ ഏറെ അപൂർവമായിട്ടാണ് ഇരു രോഗങ്ങളും ഒരുമിച്ച് ബാധിച്ച ഒരാൾ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്. കുളത്തിൽ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വിദ്യാർത്ഥിക്ക് മസ്തിഷ്‌കജ്വര ലക്ഷണങ്ങൾ പ്രകടമായത്.
തുടർന്നുണ്ടായ ബോധക്ഷയവും ഇടത് വശം തളർച്ചയും കാരണം കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി.
ഉടൻ തന്നെ സംസ്ഥാന പ്രോട്ടോക്കോൾ പ്രകാരം അമീബിക് ജ്വരത്തിന് ചികിത്സ ആരംഭിച്ചു. തുടർന്ന് തലച്ചോറിനകത്ത് സമ്മർദ്ദവും പഴുപ്പും കൂടിയതോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എംആർഐ സ്കാനിംഗിൽ പലയിടത്തും പഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ന്യൂറോ സർജറി വിഭാഗം അടിയന്തര ശസ്ത്രക്രിയ നടത്തി. രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി.
രണ്ടാമത്തെ ശസ്ത്രക്രിയയിൽ നീക്കം ചെയ്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ (Aspergillus flavus fungus) സാന്നിധ്യവും കണ്ടെത്തി. തുടർന്ന് മരുന്നുകളിൽ മാറ്റം വരുത്തി വിദഗ്ധരുടെ മേൽനോട്ടത്തിൽ ചികിത്സ തുടർന്നു.
ഏകദേശം ഒന്നര മാസത്തോളം നീണ്ട തീവ്രപരിചരണവും മരുന്ന് ചികിത്സയും ഫലപ്രദമായി. മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാർത്ഥി പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്യപ്പെട്ടു.
തുടർ പരിശോധനകളിലും അദ്ദേഹം ആരോഗ്യവാനായി തുടരുന്നു. കുട്ടിയെ രക്ഷിച്ച മെഡിക്കൽ ടീമിനെയും, രോഗം നേരത്തെ കണ്ടെത്തിയ ആലപ്പുഴ മെഡിക്കൽ കോളേജ് സംഘത്തെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.