ഡൽഹി: ട്രെയിൻ വരാൻ വൈകുന്നതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് സേവനം ലഭ്യമാക്കുക. ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാള്‍ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാണ് സൗജന്യ ഭക്ഷണം നൽകുക.(Railways to offer free food for delayed train passengers)
ഐആർടിസി കാറ്ററിംഗ് നയം അടിസ്ഥാനമാക്കി പ്രത്യേക ഭക്ഷണ ഓപ്ഷനുകളാണ് യാത്രക്കാർക്ക് ലഭിക്കുക. യാത്രക്കാർക്ക് ബിസ്‌ക്കറ്റിനൊപ്പം ചായയോ കാപ്പിയോ, നൽകും. പഞ്ചസാരയുള്ളതും ഇല്ലാത്തതുമായ ചായയും കാപ്പിയും ലഭ്യമാകും. ഉച്ചഭക്ഷണത്തിൽ ചോറും പരിപ്പ് കറികളും ലഭിക്കും. വൈകുന്നേരത്തെ ചായയുടെ കൂടെ നാല് കഷ്ണം ബ്രെഡും ഒരു ഫ്രൂട്ട് ഡ്രിങ്കും നൽകും. അത്താഴത്തിന് യാത്രക്കാർക്ക് പൂരിയും മിശ്രിതമായ പച്ചക്കറികളും അച്ചാറും നൽകും.
കൂടാതെ ട്രെയിൻ എത്താൻ വൈകുന്നതു മൂലം ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ റീഫണ്ടും യാത്രക്കാർക്ക് നൽകും. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗ് ആപ്പ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യാം. റെയിൽവേ കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ടെത്തി റദ്ദാക്കണം എന്നും റെയിൽവേ അറിയിച്ചു.