ന്യൂഡല്‍ഹി: എം പി സ്ഥാനം നഷ്ടമായതിന് പിന്നാലെ പുതിയ താമസസ്ഥലത്തേക്ക് മാറാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ എം പി സ്ഥാനം നഷ്ടമായ രാഹുല്‍ ഔദ്യോഗിക വസതി ഏപ്രിലില്‍ തന്നെ ഒഴിഞ്ഞിരുന്നു. അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ക്ഷീല ദീക്ഷിതിന്റെ വസതിയിലായിരിക്കും രാഹുല്‍ താമസിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ദില്ലിയിലെ വീട്ടില്‍ നിലവില്‍ താമസിക്കുന്നത് ക്ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ സന്ദീപ് ദീക്ഷിതാണ്. രാഹുല്‍ താത്കാലികമായി മറ്റൊരു താമസസ്ഥലത്തേക്ക് മാറാനുള്ള ഒരുക്കത്തിലാണെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ സോണിയാ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലാണ് രാഹുലിന്റെ താമസം. രാഹുലിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയായതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും ക്ഷീല ദീക്ഷിതിന്റെ ബി 2 നിസാമുദ്ദീനിലെ വീട്ടിലേക്ക് താമസം മാറുക. സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് എന്‍ഒസി ലഭിച്ചാല്‍ 1500 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ വാടക കരാറില്‍ സന്ദീപ് ദീക്ഷിതുമായി രാഹുല്‍ ഒപ്പു വെക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. ഈ അപകീര്‍ത്തി കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാഗത്വം നഷ്ടമായത്. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സൂറത്ത് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചതോടെ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായിരുന്നു. ഇതോടെ വയനാട് എംപിയായിരുന്ന രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിയും വന്നിരുന്നു.