ദില്ലി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തർ മേൽകോടതി റദ്ദാക്കിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷക്കെതിരെ നൽകിയ ഹർജി പരിഗണിക്കുന്ന വേളയിൽ ഖത്തർ അംബാസിഡർ അടക്കമുള്ള നയതന്ത്ര പ്രതിനിധികൾ കോടതിയിൽ ഹാജരായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. നാവികരുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വധശിക്ഷ റദ്ദാക്കിയെങ്കിലും വിധിന്യാത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. നിയമ-നയതന്ത്ര സഹായം നാവികർക്ക് നൽകുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരാണ് 2022ൽ ഖത്തറിൽ തടവിലായത്. ഖത്തർ സർക്കാരിനായി സ്വകാര്യ പ്രതിരോധ കമ്പനി നിർമിക്കുന്ന മുങ്ങികപ്പൽ നിർമാണത്തിൽ പങ്കാളികളായിരുന്നു നാവികർ. ഇവർ ചാരപ്രവർത്തനം നടത്തിയെന്നാണ് ഖത്തർ ആരോപിച്ചത്.പൂർണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്.ഇതിൽ രാഗേഷ് ഗോപകുമാർ മലയാളിയെന്നാണ് സൂചന.
Read More : അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി കാനഡ.