കൊച്ചി: ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു പുഷ്പ 2. റിലീസിന് ശേഷം ബോക്സ് ഓഫീസിലും അതേ ഹൈപ്പ് നിലനിർത്തുന്നുണ്ട്.
എന്നാൽ അല്ലു അർജുന്റെ ഗംഭീര എൻട്രിയും ആക്ഷനും കാണാൻ എത്തിയവർക്ക് മുന്നിൽ ആദ്യം പ്രദർശിപ്പിച്ചത് ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് ആണെങ്കിലോ? കൊച്ചിയിലെ സിനിപോളിസ് സെന്റർ സ്‌ക്വയർ തിയറ്ററിലാണ് അബദ്ധം പിണഞ്ഞത്.
വെള്ളിയാഴ്ചയാണ് സംഭവം. പുഷ്പ 2 കാണാൻ എത്തിയവരെ ആദ്യ ഭാഗം കാണിക്കാതെതന്നെ രണ്ടാം ഭാഗം കാണിക്കുകയായിരുന്നു. അവസാനം എൻഡ് ക്രെഡിറ്റ് കാണിച്ച് ലൈറ്റ് ഇട്ടപ്പോഴാണ് സെക്കൻഡ് ഹാഫാണ് ഇതുവരെ കാണിച്ചതെന്ന് കാണികൾക്ക് പോലും മനസിലായത്.
ഇതോടെ സിനിമ കാണാൻ എത്തിയവർ പ്രതിഷേധവുമായി രംഗത്ത് എത്തി. പണം തിരിച്ചുതരണം എന്നായിരുന്നു ചിലരുടെ ആവശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗം കാണണമെന്നും മറ്റു ചിലർ ആവശ്യപ്പെട്ടു. ഇതോടെ പത്തോളം കാണികൾക്ക് വേണ്ടി രാത്രി 9 മണിക്ക് ചിത്രത്തിന്റെ ആദ്യ ഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. കൂടാതെ സിനിമ കാണാനെത്തിയവർക്ക് പണം തിരിച്ചുനൽകുമെന്നും ഉറപ്പുനൽകി.