ശ്യാമളയമ്മയ്ക്ക് ഇത് പുനർജന്മം ആണ്. അക്ഷരാർത്ഥത്തിൽ പുനർജന്മം. വെള്ളത്തിലൂടെ 10 കിലോമീറ്ററോളം ഒഴുകിപ്പോയിട്ടും വിധി ശ്യാമളയമ്മയ്ക്ക് കാത്തുവെച്ചിരുന്നത് പുനർജീവൻ. തുണി അലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മയ്ക്കാണ് അത്ഭുതകരമായ രക്ഷപ്പെടൽ സംഭവിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെ :
കഴിഞ്ഞദിവസം വീടിനു സമീപത്തെ കടവിൽ തുണി അലക്കാൻ എത്തിയതായിരുന്നു ശ്യാമളയമ്മ. ഇതിനിടെ കാൽവഴുതി ആറ്റിൽ വീണു. നീന്തൽ വശമില്ലാതിരുന്നാൽ ശ്യാമളയമ്മ ഒഴുക്കിൽപ്പെട്ടുപോയി. മഴമൂലം ജലനിരപ്പ് ഉയർന്നതിനാൽ നല്ല ഒഴുക്കും ഉണ്ടായിരുന്നു. എങ്ങിനെയോ മലർന്നുകിടക്കുന്ന നിലയിലായ ഇവർ ഒഴുക്കിൽപ്പെട്ട് താഴേക്ക് ദീർഘദൂരം ഒഴുകി. ചെട്ടിയാലൊഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങൾ പിന്നിട്ട് ഒഴുകിയ വീട്ടമ്മയുടെ ദൃശ്യം ചിലർ കുന്നത്തൂർ പാലത്തിനു മുകളിൽ നിന്നും പകർത്തിയെങ്കിലും ഇവർക്ക് ജീവൻ ഉണ്ടെന്ന് കരുതിയില്ല. പിന്നീട് ഉച്ചയോടെ ചെറുപുഴയ്ക്ക് മംഗലശ്ശേരി കടവിന് സമീപത്ത് വള്ളിപ്പടർപ്പിൽ പിടുത്തം കിട്ടിയ ശ്യാമളയമ്മ അവിടെ കിടന്നു നിലവിളിച്ചു. ഇത് സമീപവാസികളായ ദീപയും സൗമ്യയും കേട്ടതാണ് രക്ഷയായത്. ഇവർ ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും വിളിച്ച് അറിയിച്ചു. പിന്നീട് നാട്ടുകാർ വഞ്ചി ഇറക്കി ശ്യാമളയമ്മയെ കരയ്ക്ക് എത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയ ശ്യാമളയമ്മ ആശുപത്രി വിട്ടു. 10 കിലോമീറ്റർ ഓളം ഒഴുകിയിട്ടും ജീവൻ ബാക്കിവെച്ച ദൈവത്തിന് നന്ദി പറയുകയാണ് ശ്യാമളയമ്മ.
ഐഫോൺ വാങ്ങി നൽകാൻ പണമില്ല, നടുറോഡിൽ ബഹളംവച്ച മകളുടെ മുമ്പിൽ മുട്ടുകുത്തി ക്ഷമാപണം നടത്തി പിതാവ് !