ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ -ഹമാസ് വെടിനിറുത്തൽ രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇരുവിഭാഗങ്ങളിൽ നിന്നും കുറച്ച് പേരെ വീതം ഇരുസംഘവും ഇന്നും മോചിപ്പിക്കും. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ബന്ദികളിൽ 24 പേരെ ഈജിപ്ത് അതിർത്തി വഴി ഇസ്രയേലിന് ഹമാസ് കൈമാറിതിന്റെ തുടർച്ചയായി രണ്ടാം ഘട്ടമായി അടുത്ത സംഘം ബന്ദികളെ ഇന്നും സമാനമായ രീതിയിൽ മോചിപ്പിക്കും.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തി പിടികൂടിയ 240 ബന്ദികളിൽ 13 ഇസ്രയേൽ പൗരൻമാരടക്കം 24 പേരാണ് ഇന്നലെ ഗാസയിൽ നിന്നും പുറത്ത് വന്നത്.മുൻ ധാരണ പ്രകാരം ഹമാസ് ഉന്നത നേതൃത്വം റെഡ് ക്രോസിന്റെ എട്ട് ജീവനക്കാർക്ക് കൈമാറിയ ബന്ദികളെ മൂന്ന് കാറുകളുടെ അകമ്പടിയോടെ റഹ അതിർത്തി വഴി ഈജിപ്ത്തിൽ എത്തിച്ചു. അവിടെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് ശേഷം ഹെലികോപ്‍റ്ററിൽ ഇസ്രയേൽ പൗരൻമാരെ സ്വദേശത്തേയ്ക്ക് കൊണ്ട് പോയി.
വിദേശപൗരൻമാർ മോചിപ്പിക്കപ്പെട്ടത് മറ്റൊരു ധാരണ പ്രകാരം
13 ഇസ്രയേൽ പൗരൻമാർക്കൊപ്പം 10 തായ് സ്വദേശികളേയും ഒരു ഫിലിപ്പിയൻസ് പൗരനേയും ഹമാസ് നേതൃത്വം മോചിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പിടിയിലുള്ള ഇസ്രയേൽ പൗരത്വമുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള 13 പേരെ മാത്രമേ മോചിപ്പിക്കു എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾക്ക് പോലും വിവരം ലഭിച്ചത്. എന്നാൽ രാത്രി ഏഴ് മണിയോടെ ഈജ്പ്ത് – പാലസ്തീൻ അതിർത്തി ഗേറ്റ് തുറന്ന് എത്തിയത് 24 പേർ. അതിൽ വിദേശപൗരൻമാരും ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച് വ്യക്തത നൽകുകയാണ് ഖത്തർ. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിറുത്തൽ യാഥാർത്ഥ്യമാക്കിയത് ഖത്തറിന്റെ മധ്യസ്ഥ ശ്രമമായിരുന്നു.
ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേലും ഹമാസും ഉണ്ടാക്കിയ പ്രധാന ധാരണയിൽ ഉൾപ്പെടുന്നതല്ല വിദേശപൗരൻമാരുടെ മോചനമെന്ന് ഖത്തർ വിദേശകാര്യ വകുപ്പ് വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. തായ് പൗരൻമാരുടെ മോചനത്തിനായി ഖത്തർ പ്രത്യേക കരാർ ഹമാസുമായി ഉണ്ടാക്കി.സ്വന്തം പൗരൻമാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 31 ന് തായ്ലൻഡ് വിദേശകാര്യ മന്ത്രി ഖത്തറിൽ എത്തി. ഉന്നത രാഷ്ട്രിയ നേതൃത്വവുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹമാസുമായി പ്രത്യേക കരാർ സംഭവിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ പൗരൻമാർ കഴിഞ്ഞാൽ തായ്ലൻഡ് സ്വദേശികളാണ് ഏറ്റവും കൂടുതലായി ഹമാസിന്റെ കൈവശമുണ്ടായിരുന്നത്. ഇത് തായ്ലൻഡ് സർക്കാരിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മോചിപ്പിക്കപ്പെട്ട തായ് സ്വദേശികളെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇസ്രയേലിലെ ടെൽ അവീവ്-ലെ ഷമീർ മെഡിക്കൽ സെന്ററിലെത്തിച്ച് ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. അവിടെ നിന്നും തായ്ലൻഡിലേയ്ക്ക് കൊണ്ട് പോയി.
മോചനത്തിന് സഹായിച്ച ഖത്തർ, ഇസ്രയേൽ, ഇറാൻ, മലേഷ്യൻ സർക്കാരുകൾക്ക് തായ് വിദേശകാര്യമന്ത്രാലയലം പ്രത്യേകം നന്ദി പറഞ്ഞു. തായ്ലൻഡിലെ മുസ്ലീം സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇറാനിലെ മതമേലധ്യക്ഷൻമാർ. ബന്ദികളുടെ മോചനത്തിനായി തായ്ലൻഡ് സർക്കാർ പ്രതിനിധികൾ ഇറാൻ തലസ്ഥാനമായ ടെഹറാനിലേയ്ക്ക് അനൗദ്യോഗിക യാത്ര നടത്തിയിരുന്നതായി അസോസിയേറ്റഡ് പ്രസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നല്ല വാർത്ത ഉടൻ കേൾക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഇടയ്ക്ക് അറിയിച്ചിരുന്നതായി തായ്ലൻഡ് വിദേശകാര്യമന്ത്രി പർൺപ്രീ ബഹിദ്ധ-നുകാര അറിയിച്ചുവെന്നും അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.ഹമാസുമായി തായ്ലൻഡ് സർക്കാർ നടത്തിയ ചർച്ചയിൽ ഇറാനും മധ്യസ്ഥ റോൾ നിർവഹിച്ചിരുന്നു. വിവിധ ജോലികൾക്കായി ഇസ്രയേലിൽ എത്തിയ 23 പേരെയാണ് ഹമാസ് പിടികൂടിയത്. ഇതിൽ 13 പേരെ വിട്ടയച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 32 തായ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. തായ് സർക്കാരിന്റെ കണക്ക് പ്രകാരം 30,000യിരം പൗരൻമാർ ഇസ്രയേലിന്റെ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.