കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. നവീന്റെ മരണത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസില്‍ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു ദിവ്യയുടെ പ്രതികരണം.(PP Divya responds to the media after being released from jail)
“മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതുപ്രവര്‍ത്തന രംഗത്ത് തന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. 14 വര്‍ഷക്കാലം ജനപ്രതിനിധിയായിരുന്നിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ ഉള്‍പ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുമായി താന്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരുമായി നല്ല രീതിയില്‍ സഹകരിച്ചുപോകുന്ന ഒരാളാണ് താന്‍.” സദുദ്ദേശപരമായാണ് എപ്പോഴും സംസാരിക്കാറുള്ളു എന്നും പിപി ദിവ്യ പ്രതികരിച്ചു. താന്‍ നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ കൃത്യമായ അന്വേഷണം നടക്കണമെന്ന് താനും ആഗ്രഹിക്കുന്നു. അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും ദിവ്യ വ്യക്തമാക്കി. അതേസമയം സ്ത്രീയെന്ന പരിഗണന പ്രതിക്ക് നല്‍കുന്നതായി വ്യക്തമാക്കിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.