തിരുവനന്തപുരം: കന്യാകുമാരി തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ഉച്ചക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. നിലവിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും നിയന്ത്രണം ഉണ്ടാകും. മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വള്ളം, ബോട്ട് മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. തീരദേശവാസികൾ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.